
കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി സുരക്ഷാജീവനക്കാർക്ക് വാക്കി ടോക്കി നൽകാൻ തീരുമാനം. കഴിഞ്ഞദിവസം ആശുപത്രി സൂപ്രണ്ട് വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. പ്രധാന കവാടങ്ങൾ, സെക്യൂരിറ്റി കൺട്രോൾ റൂം, വാർഡുകളിൽ റോന്തുചുറ്റുന്ന ഡ്യൂട്ടി നിർവഹിക്കുന്നവർ തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനാണ് വാക്കി ടോക്കി നൽകുന്നത്.
രേഖകൾ കൈവശമില്ലാത്ത ആളുകളുടെ പ്രവേശനം സംബന്ധിച്ച് തർക്കങ്ങളുണ്ടായാൽ സെക്യൂരിറ്റി സൂപ്പർവൈസർ, വാർഡിലെ നഴ്‌സിങ് ഓഫീസർ എന്നിവരെ ബന്ധപ്പെട്ടശേഷവും പ്രശ്നം പരിഹരിക്കാനാവാതെ തുടരുകയാണെങ്കിൽ മെഡിക്കൽ കോളേജ് പോലീസിന്റെ സേവനം ഉപയോഗപ്പെടുത്തണം. ‘ആശുപത്രിക്കകത്തെ ആൾബാഹുല്യം രോഗാവസ്ഥയിലുള്ള വ്യക്തിക്ക് ആരോഗ്യം വീണ്ടെടുക്കുന്നതിന് കാലതാമസത്തിനിടയാക്കും’ എന്ന ബോർഡ് കവാടങ്ങളിൽ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.അനധികൃതമായി കടന്നുകയറി ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സംസൃഷ്ടിക്കുന്നത് വർധിച്ചതിനെത്തുടർന്ന് കഴിഞ്ഞമാസം 20-ന് ആശുപത്രി സൂപ്രണ്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ആശുപത്രിജീവനക്കാരാണെന്ന് തെറ്റിദ്ധരിപ്പിക്കുംവിധം കഴുത്തിൽ വ്യാജ ടാഗും ഇതരസ്ഥാപനങ്ങളുടെ തിരിച്ചറിയൽകാർഡുമായി ആശുപത്രിക്കുള്ളിൽ പ്രവേശിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് സർക്കുലർ പുറപ്പെടുവിച്ചത്. രോഗിയോടൊപ്പം കൂട്ടിരിപ്പിന് ഒരാളെമാത്രമേ അനുവദിക്കൂ. ഡോക്ടർ ആവശ്യപ്പെടുന്നപക്ഷം ഒരാളെക്കൂടി അനുവദിക്കും



