LOCAL NEWSUncategorized

പുഴയോരത്ത് മാലിന്യംതള്ളി; 20000 രൂപ പിഴ ഈടാക്കി

തിരുവമ്പാടി: തിരുവമ്പാടി ചേപ്പിലംകോട് ഇരുവഞ്ഞിപ്പുഴയോരത്ത് വീട്ടിൽനിന്നുള്ള അജൈവമാലിന്യം തള്ളിയതിന് 20000 രൂപ പിഴ ഈടാക്കി. പുല്ലൂരാംപാറ സ്വദേശിയിൽനിന്നാണ് പിഴയീടാക്കിയത്. ഇയാളുടെ പേരിൽ പുഴയോരത്ത് മാലിന്യം തള്ളിയതിന് തിരുവമ്പാടി പോലീസും കേസെടുത്തിട്ടുണ്ട്. പുഴയുടെ തീരത്ത് മാലിന്യം തള്ളിയനിലയിൽ കണ്ട നാട്ടുകാർ വിവരം ഗ്രാമപ്പഞ്ചായത്തിൽ അറിയിക്കുകയായിരുന്നു.

തുടർന്ന് ഗ്രാമപ്പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. മാലിന്യത്തിൽനിന്ന്‌ ലഭിച്ച സ്കൂൾ വിദ്യാർഥിയുടെ ഡയറിയിലെയും ടെലിഫോൺ ബില്ലിലെയും മേൽവിലാസത്തിൽ നിന്നാണ് തെളിവ് ലഭിച്ചത്. തിരുവമ്പാടി എസ്.ഐ ഇ.കെ രമ്യയുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തി.

പകർച്ചവ്യാധികളായ ഡെങ്കിപ്പനിയും എലിപ്പനിയും മലയോര പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെയും മാലിന്യങ്ങൾ തരം തിരിച്ച് ഹരിത കർമ്മ സേനയെ ഏല്പിക്കാതെ കത്തിക്കുകയും വലിച്ചെറിഞ്ഞ് ഡെങ്കിപ്പനി എലിപ്പനി തുടങ്ങിയ സാംക്രമിക രോഗ പകർച്ചക്ക് കാരണമായാൽ കർശനമായി നിയമനടപടി തുടരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മെഡിക്കൽ ഓഫീസറും അറിയിച്ചു.

പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, അസിസ്റ്റൻറ് സെക്രട്ടറി രഞ്ജിനി ടി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ.ബി, അയന എസ്സ് എം, മുഹമ്മദ് മുസ്തഫ ഖാൻ ,ഹരിത കർമ്മസേനാ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com