

മുക്കം: ഓണക്കാലമായതോടെ ഏറ്റവും വലിയ ഡിമാൻ്റ് ഇപ്പോൾ കുടവയറൻമാർക്കാണ്. അത്തം മുതൽ വിവിധ സ്ഥലങ്ങളിൽ ഓണാഘോഷപരിപാടികൾക്കും തുടക്കമായതോടെ മാവേലിയുടെ വേഷം കെട്ടാനായി കുടവയറൻമാരെ തിരയുകയാണ് വിവിധ സ്ഥാപനങ്ങളും ക്ലബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം. കുടവയർ കാരണം നിത്യ ജീവിതത്തിൽ പലപ്പോഴും പരിഹാസപാത്രമാവാറുണ്ടെങ്കിലും ഓണമടുത്താൽ ഇവർക്ക് വൻ ഡിമാൻഡാണ്. ദിവസവും 3000 രൂപ മുതൽ 4000 രൂപ വരെ സമ്പാദിക്കാനാവുമെന്ന് വർഷങ്ങളായി മാവേലി വേഷം കെട്ടുന്ന മുക്കത്തെ മാധ്യമ പ്രവർത്തകൻ കൂടിയായ ജി.എൻ. ആസാദ് പറയുന്നു.
ക്ലബുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയുമൊക്കെ ഓണാഘോഷമാണങ്കിൽ ഘോഷയാത്രയിൽ മുന്നിൽ നിന്ന് എല്ലാവരേയും അനുഗ്രഹിക്കണം. പരസ്യ സ്ഥാപനങ്ങളുടെ ആഘോഷമാണങ്കിൽ വാഹനങ്ങളിൽ കയറി നാട് ചുറ്റുകയോ സ്ഥാപനങ്ങൾക്ക് മുന്നിൽ നിന്ന് അനുഗ്രഹിക്കുകയോ വേണം. എന്നാൽ താൻ കൂടുതലായും തദ്ദേശ സ്ഥാപനങ്ങളുടെയും ക്ലബുകളുടേയും റസിഡൻസ് അസോസിയേഷനുകളുടേയും പരിപാടികൾക്കാണ് പോവാറുള്ളതെന്ന് ജി.എൻ. ആസാദ് പറഞ്ഞു. ഓണക്കാലത്ത് ഇതിനേക്കാൾ വരുമാനം കിട്ടുന്ന മറ്റൊരു തൊഴിലില്ലെന്ന് ചുരുക്കിപ്പറയാം. കാതിൽ കമ്മലും തലയിൽ കിരീടവും ഓലക്കുടയും ചൂടി മാവേലി കുടവയർ കുലുക്കി നിന്നാൽ ഉപഭോക്താക്കൾ കടയിലേക്ക് വരുമെന്ന് കച്ചവടക്കാരും പറയുന്നു. സ്ഥാനപനങ്ങളിലേക്ക് വരുന്നവർക്ക് അനുഗ്രഹം ചൊരിയുന്നതിനൊപ്പം സെൽഫികൾക്ക് പോസ് ചെയ്യണമെന്നും ഇവർ പറയുന്നു. സ്ഥിരമായി മാവേലിയാകുന്നവർ ഇപ്പോൾ തന്നെ തിരക്കിലായിട്ടുണ്ട്. പല സ്ഥാപനങ്ങളും 20 ദിവസത്തേക്ക് വരെ കരാർ ഉറപ്പിക്കുന്നുണ്ട്.
അത്രയും ദിവസം വേഷമിട്ട് നിൽക്കണം എന്ന് മാത്രം. സ്ഥിരമായി വേഷം കെട്ടുന്നവർ പല സ്ഥാപനങ്ങൾക്കും വേണ്ടി മാവേലിയായതോടെ ഇത്തവണ പല ക്ലബുകളും സംഘടനകളും മാവേലിക്കായി നെട്ടോട്ടമോടേണ്ടി വരും. മാവേലി വേഷം കെട്ടാൻ ആളെ അന്വേഷിച്ച് പത്ര പരസ്യം വരെ കൊടുത്ത കമ്പനികളുണ്ട്. നല്ല വണ്ണവും, വയറും ഉള്ള മാവേലിയെ തേടി ശമ്പളമടക്കം വാഗ്ദാനം ചെയ്തുള്ള പരസ്യം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ഇതൊക്കെയാണങ്കിലും പണത്തേക്കാളുപരി മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് തനിക്ക് കഴിയുന്നത് ചെയ്യുക എന്നത് തന്നെയാണ് മാവേലിയാവാൻ പ്രധാന കാരണമെന്നും ആസാദ് പറയുന്നു. തൃശൂർ ജില്ലയിൽ പലയിടങ്ങളിലും നാലോണത്തിനു പുലിവേഷം കെട്ടുന്നതിനും കുടവയറന്മാർക്കു വൻ ഡിമാൻഡ് തന്നെയാണ്.



