News

ജോലിവാഗ്‌ദാനം; ആറുപേരിൽനിന്നായി പ്രതി തട്ടിയത് 12 ലക്ഷം

നന്മണ്ട : എയർപോർട്ടിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടി മുങ്ങിയ പ്രതി നന്മണ്ടയിലെ ആറുപേരിൽനിന്നായി കൈക്കലാക്കിയത് 12 ലക്ഷം രൂപ. നന്മണ്ട സ്വദേശിയായ പ്രതി ഷിഞ്ചു ബുധനാഴ്ച രാത്രിയാണ് പോലീസ് പിടിയിലായത്.നല്ലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പണം കൊടുത്തതെന്ന് പരാതിക്കാർ പറയുന്നു.

ഇയാളുടെ സംസാരത്തിലും പ്രവൃത്തിയിലും പന്തിക്കേടൊന്നും തോന്നിയില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങളെല്ലാം കൃത്യമായതുകൊണ്ടാണ് വിശ്വസിച്ച് പണം നൽകിയതെന്നുമാണ് ഇവർ പറയുന്നത്. ഭാര്യയുടെ ആഭരണങ്ങൾ പണയംവെച്ചും പലിശയ്ക്ക് പണം വാങ്ങിയുമൊക്കയാണ് ഇവർ പണം കണ്ടെത്തിയത്. രണ്ടുവർഷംമുമ്പ് എടുത്ത ലോണിന്റെ പലിശ അടച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഇവർ.

2020-ലാണ് രണ്ടുലക്ഷം രൂപവീതം ആറുപേർ ഷിഞ്ചുവിന്റെ അക്കൗണ്ടിലേക്ക്‌ അയച്ചുകൊടുത്തത്. ആവർഷം ഒക്ടോബർ 11-ന് ജോലിയിൽ പ്രവേശിക്കാമെന്ന് പറഞ്ഞായിരുന്നു പ്രതി ഇവരിൽനിന്ന് പണം വാങ്ങിയത്.

എന്നാൽ തലേദിവസം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെടുകയാണെന്ന് ഇവർക്ക് മനസ്സിലായത്. ഫോണിൽ കിട്ടാതായപ്പോൾ തൃശ്ശൂരിൽ ഇയാൾ താമസിക്കുന്ന ഫ്ളാറ്റിൽ പരാതിക്കാർ അന്വേഷിച്ചെത്തിയെങ്കിലും കാണാനായില്ല. വിദേശത്ത് പോയെന്നായിരുന്നു അയൽവാസികൾ പറഞ്ഞത്. അതിനുശേഷമാണ് ഇരകൾ പോലീസിൽ പരാതി നൽകിയത്. നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാർ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com