LOCAL NEWSNewsTECHNOLOGY

വരുന്നു, എൻ.ഐ.ടി.സിയില്‍ സാറ്റലൈറ്റ് ഗവേഷണ കേന്ദ്രം

കുന്ദമംഗലം: നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ അനന്ത് ടെക്‌നോളജീസിന്റെ സാറ്റലൈറ്റ് ഗവേഷണ കേന്ദ്രം ആരംഭിക്കുന്നു. അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി ഇത് സംബന്ധിച്ച്‌ എൻ.ഐ.ടി.സി ധാരണാപത്രം ഒപ്പുവച്ചു. ചന്ദ്രയാൻ 3ല്‍ ഐ.എസ്.ആർ.ഒയുടെ സ്വകാര്യ പങ്കാളിയുമാണ് അനന്ത് ടെക്നോളജീസ്.

ബഹിരാകാശവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലും പ്രോജക്‌ട് വിഷയങ്ങളിലും താല്‍പ്പര്യമുള്ള വിദ്യാർത്ഥികള്‍ക്കും അദ്ധ്യാപകർക്കും മികച്ച അവസരം ഒരുക്കാൻ ഈ പങ്കാളിത്തം സാദ്ധ്യമാക്കും. സാറ്റലൈറ്റ് സെന്റർ സ്ഥാപിക്കുന്നതിനുള്ള സ്ഥലവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും എൻ.ഐ.ടി.സി നല്‍കും.

ഓണ്‍-ബോർഡ്, ഗ്രൗണ്ട് എയ്‌റോ-സ്‌പേസ് സിസ്റ്റങ്ങള്‍, സോഫ്റ്റ്‌വെയർ, ഐ.ടി ഉല്‍പ്പന്നങ്ങള്‍, എൻജിനീയറിംഗ് സേവനങ്ങള്‍ എന്നിവയുടെ രൂപകല്‍പ്പന, വികസനം, റീ-എൻജിനീയറിംഗ്, നിർമ്മാണം, വിപണനം എന്നിവയില്‍ മുൻനിരയിലുള്ള അനന്തുമായി സഹകരിക്കുന്നത് എൻ.ഐ.ടി.സിയ്ക്ക് അഭിമാന നിമിഷമാണെന്ന് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു.

അനന്തിന്റെ സ്ഥാപകനായ ഡോ. സുബ്ബറാവു പാവുലൂരി കാലിക്കറ്റ് റീജിയണല്‍ എൻജിനീയറിംഗ് കോളേജിലെ 1973 ബാച്ച്‌ ബിരുദധാരി കൂടിയാണ്. അനന്ത് ടെക്നോളജീസിന് വേണ്ടി ഡോ. സുബ്ബറാവു പാവുലൂരിയും എൻ.ഐ.ടിക്ക് വേണ്ടി സി.ഐ.ഐ.ആർ ചെയർപേഴ്സണ്‍ ഡോ. ജോസ് മാത്യുവും കേരള ടെക്‌നോളജി എക്‌സ്‌പോയില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

പ്രൊഫ. പ്രസാദ് കൃഷ്ണ, ഫിസിക്സ് വിഭാഗം മേധാവി പ്രൊഫ. എം.കെ. രവിവർമ, എൻ.ഐ.ടി. കാലിക്കറ്റ് സാറ്റലൈറ്റ് റിസർച്ച്‌ സെന്ററിന്റെ അദ്ധ്യാപക കോഓർഡിനേറ്റർ ഡോ. സി.വി. രഘു, ഐ.എസ്‌.ആർ.ഒ മുൻ ഡയറക്ടർ ഡോ. ഇ.കെ.കുട്ടി, മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ.ജയറാം, പി.കെ.വരുണ്‍ (യു.എല്‍ സ്പേസ് ക്ലബ്), അജയൻ കെ ആനാട് (കോ -ഓർഗനൈസർ, കേരള ടെക്‌നോളജി എക്‌സ്‌പോ) എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com