അനധികൃത മണല്‍ കടത്തിനെതിരേ എടുത്ത നടപടിക്ക് രണ്ടു ദിവസം മാത്രം ആയുസ്

മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ കടവുകളില്‍ നടക്കുന്ന അനധികൃത മണല്‍ കടത്തിനെതിരേ കൊടിയത്തൂർ പഞ്ചായത്തിന്‍റെ നടപടിക്ക് രണ്ട് ദിവസം മാത്രം ആയുസ്. ഇടവഴിക്കടവ് തറമ്മല്‍ കടവില്‍ പുതിയ പാതാർ നിർമിച്ച് മണല്‍ കടത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടർന്ന് ഇവിടേക്ക് വാഹനങ്ങള്‍ പോകുന്ന വഴി കല്ലിട്ടടച്ചിരുന്നു.
എന്നാല്‍ മണല്‍ കടത്തുകാർ വഴി അനധികൃതമായി തുറന്ന് മണല്‍ക്കടത്ത് തുടരുന്നതിനൊപ്പം വഴിയടക്കാനായി കൊണ്ടിട്ട മൂന്ന് ലോഡ് കല്ലും കടത്തികൊണ്ട് പോയി. ഫലത്തില്‍ മണല്‍ക്കടത്തിനൊപ്പം കല്ലും കൂടി കടത്തുകാർക്ക് ലഭിച്ചു.
മണല്‍ കടത്ത് വ്യാപകമാണന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് അനധികൃത മണല്‍ കടത്ത് നടത്തുന്ന കടവുകള്‍ പഞ്ചായത്ത് പ്രസിഡന്‍റ് ദിവ്യ ഷിബുവിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടികള്‍ കർശനമാക്കിയിരുന്നത്.
രാത്രിയുടെ മറവിലാണ് ലോഡ് കണക്കിന് മണല്‍ കടത്തികൊണ്ട് പോവുന്നത്. രാത്രി പത്തിന് ആരംഭിക്കുന്ന മണല്‍കടത്ത് പുലർച്ചെ വരെ തുടരുമെന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ കടവുകളില്‍ നിന്ന് മണല്‍ കടത്ത് തടയാൻ പോലീസും പഞ്ചായത്തും കർശന നടപടികള്‍ സ്വീകരിക്കണമെന്ന് ജൈവവൈവിധ്യ പരിസ്ഥിതി സമിതി കണ്‍വീനർ ബാബു പൊലുകുന്ന് പറഞ്ഞു.