
ചേന്ദമംഗലൂർ: വയലിൽ വെള്ളം കയറുന്നതോടെ ഈസ്റ്റ് ചേന്ദമംഗലൂർ ഭാഗത്തെ നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ചേന്ദമംഗലൂർ കക്കാട് റോഡിന്റെ വയൽഭാഗം അടിയന്തര പ്രാധാന്യത്തോടെ ഉയർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മുക്കം മുനിസിപ്പാലിറ്റി മംഗലശ്ശേരി ഡിവിഷനിലെ തയറ്റുംപാലി-എളമ്പിലാശ്ശേരി റോഡിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഇത്തരമൊരാവശ്യമുയർന്നത്.
മുനിസിപ്പൽ ചെയർമാൻ പി.ടി. ബാബു റോഡ് നാട്ടുകാർക്കായി തുറന്നുകൊടുത്തു. വാർഡ് കൗൺസിലർ ഫാത്തിമ കൊടപ്പന അധ്യക്ഷത വഹിച്ചു. നഗര പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ്, കൗൺസിലർ സാറ കൂടാരം, മുൻ കൗൺസിലർ ശഫീഖ് മാടായി തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹിമാൻ കുറുങ്ങോട്ട്,ശിഹാബ് മാടായി,ബനുജ വടക്കുവീട്ടിൽ, കെ.ടി. ഷഹീർ, യു.പി.അബ്ദുൽ ഗഫൂർ എന്നിവർ നേതൃത്വം നൽകി.



