
പൊതുതിരഞ്ഞെടുപ്പിന് പത്രിക സമർപ്പിക്കേണ്ട സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്ത് പല മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെയും അതേ പേരിൽ സ്വതന്ത്രരായി മത്സരിക്കാന്‍ ആളുകളുണ്ട്. ആകെ 290 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ഇവയിൽ പല മണ്ഡലങ്ങളിലും ഇടതുവലതു മുന്നണികളിലെ പ്രമുഖർക്കെതിരെ അവരുടെ പേരിനോട് സാമ്യമുള്ളവര്‍ മത്സരിക്കാന്‍ പത്രിക നല്‍കിയിട്ടുണ്ട്.. ഇവർക്കുപുറമെ, ഡമ്മി സ്ഥാനാർഥികളും അപ്രതീക്ഷിതമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവരും ഉൾപ്പെടെ ആകെ 499 പത്രികകളാണ് ഇതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിരിക്കുന്നത്. (Lok Sabha Elections 2024: Candidates Who Have Filed Nomination Papers So Far)
വയനാട്
രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ ദേശീയ ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമാണ് വയനാട്. 12 പേരാണ് വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. യുഡിഎഫിനായി രാഹുൽ ഗാന്ധിയും എൽഡിഎഫിനായി ആനി രാജയും എൻഡിഎയ്ക്കായി കെ.സുരേന്ദ്രനുമാണ് പത്രിക സമർപ്പിച്ചവരിൽ പ്രമുഖർ. ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രനെതിരെ ആരോപണമുയർത്തിയ കെ.പ്രസീത സ്വതന്ത്രയായി പത്രിക സമർപ്പിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. പ്രമുഖ മുന്നണി സ്ഥാനാർഥികളുടെ പേരിനോട് സാദൃശ്യമുള്ള ആരും വയനാട്ടിൽ പത്രിക സമർപ്പിച്ചിട്ടില്ല.
കോഴിക്കോട്
കോഴിക്കോട് 15 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. യുഡിഎഫിനായി എം.കെ.രാഘവനും എൽഡിഎഫിനായി എളമരം കരീമും എൻഡിഎയ്ക്കായി എം.ടി.രമേശുമാണ് മത്സരത്തിനുള്ളത്. അബ്ദുൾ കരീം എന്ന പേരുള്ള മൂന്ന് പേർ സ്വതന്ത്രരായി മത്സരിക്കാൻ പത്രിക നൽകിയിട്ടുണ്ട്. പി.രാഘവൻ എന്നും ടി.രാഘവൻ എന്നും പേരുള്ള രണ്ടു പേരും പത്രിക സമർപ്പിച്ചിട്ടുണ്ട്.
വടകര
14 പേരാണ് വടകരയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. യുഡിഎഫിനായി ഷാഫി പറമ്പിലും എൽഡിഎഫിനായി കെ.കെ.ശൈലജയും എൻഡിഎയുടെ പ്രഫുൽ കൃഷ്ണനുമാണ് പത്രിക നൽകിയിട്ടുള്ളത്. ഷാഫി എന്ന പേരുള്ളയാളും ടി.പി.ഷാഫി എന്ന പേരുള്ളയാളും ഇവിടെ സ്വതന്ത്രരായി മത്സരിക്കാൻ പത്രിക സമർപ്പിച്ചിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥി ശൈലജയുടെ അതേ പേരുള്ള മൂന്ന് പേർ സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്. ശൈലജ കെ, ശൈലജ കെ.കെ., ശൈലജ പി. എന്നിവരാണ് പത്രിക നൽകിയവർ.
തിരുവനന്തപുരം
പ്രമുഖ മുന്നണി സ്ഥാനാർഥികളടക്കം ആകെ 22 പേരാണ് തിരുവനന്തപുരത്ത് പത്രിക സമർപ്പിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ച മണ്ഡലവും തിരുവനന്തപുരമാണ്.
എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മൂന്ന് പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ സമർപ്പിച്ചിട്ടുള്ളത്. എന്തെങ്കിലും കാരണവശാൽ പത്രിക തള്ളിപ്പോകുന്ന സ്ഥിതിയുണ്ടായാൽ സുരക്ഷിതമായിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒന്നിൽകൂടുതൽ പത്രികകൾ സമർപ്പിക്കുന്നത്. സമാന സാഹചര്യത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരും ഇടതുപക്ഷ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും സമർപ്പിച്ചിട്ടുണ്ട് മൂന്ന് വീതം പത്രികകൾ.
പാർട്ടി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥാനാർഥിത്വം തന്നെ തള്ളിപ്പോകുന്ന സ്ഥിതിയും മുന്നണികൾ മുന്നിൽ കാണും. ഇത്തരം സാഹചര്യത്തിൽ പാർട്ടിക്കുവേണ്ടി മത്സരിക്കാൻ പ്രമുഖരെക്കൊണ്ടുതന്നെ ഡമ്മിയായി പത്രിക സമർപ്പിക്കുന്നതും പതിവാണ്. എൻ.ഡി.എയ്ക്കുവേണ്ടി വി.വി രാജേഷ് തിരുവനന്തപുരത്ത് പത്രിക സമർപ്പിച്ചിട്ടുണ്ട്. സി.പി.ഐയുടെ അരുണും മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്.
സി.എസ്.ഐ മുൻ ബിഷപ്പ് ധർമരാജ് റസാലത്തിന്റെ ഭാര്യ ഷെർലി റസാലവും മത്സരരംഗത്ത്. അദ്ദേഹം മൂന്നുമാസങ്ങൾക്ക് മുൻപ് ബിഷപ്പ് പദവി ഒഴിഞ്ഞിരുന്നു.
ആറ്റിങ്ങൽ
ആകെ 14 പേരാണ് ആറ്റിങ്ങലിൽ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ പത്രികകൾ സമർപ്പിച്ചിട്ടുള്ളത്. ഇടതുമുന്നണി സ്ഥാനാർഥി വി. ജോയ് നാല് പത്രികകൾ സമർപ്പിച്ചിട്ടുണ്ട്. വി. മുരളീധരനും അടൂർ പ്രകാശും മൂന്ന് വീതം പത്രികകളാണ് സമർപ്പിച്ചിട്ടുള്ളത്.
കൊല്ലം
15 പേർ ചേർന്ന് 22 പത്രികകളാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്നും സമർപ്പിച്ചിട്ടുള്ളത്. യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന് അതേ പേരിലൊരു എതിരാളിയുണ്ടെന്നതാണ് കൊല്ലത്തെ കൗതുകം. സ്വതന്ത്ര സ്ഥാനാർഥി പ്രേമചന്ദ്രൻ നായരാണ് മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്. മറ്റ് രണ്ട് മുന്നണികളുടെ സ്ഥാനാർഥികൾ ചലച്ചിത്ര താരങ്ങളാണെന്നതും കൊല്ലം മണ്ഡലത്തെ പ്രത്യേകമാക്കുന്നു. മൂന്ന് പത്രികകൾ സമർപ്പിച്ചിട്ടുണ്ട് എൻ.ഡി.എ സ്ഥാനാർഥി ജി. കൃഷ്ണകുമാർ. അതേസമയം, രണ്ട് പത്രികകളാണ് ഇടതുമുന്നണി സ്ഥാനാർഥി മുകേഷ് സമർപ്പിച്ചിട്ടുള്ളത്.
പത്തനംതിട്ട
പത്തനംതിട്ടയിൽ നിന്നും പത്ത് പേരാണ് നാമനിർദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ ഇടതുമുന്നണി സ്ഥാനാർഥി തോമസ് ഐസക്കിന് പുറമെ ഡമ്മിയായി മുൻ എം.എൽ.എ രാജു എബ്രഹാമും മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്. ആകെ നാല് പത്രികകളാണ് തോമസ് ഐസക്ക് സമർപ്പിച്ചിരിക്കുന്നത്. രാജു എബ്രഹാം രണ്ടും. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയും എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്റണിയും മണ്ഡലത്തിൽ നാല് വീതം പത്രികകൾ സമർപ്പിച്ചിട്ടുണ്ട്
മാവേലിക്കര
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്നും 14 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ആകെ 24 പത്രികകൾ സ്ഥാനാർഥികൾ എല്ലാവരും ചേർന്ന് സമർപ്പിച്ചിട്ടുണ്ട്. എൽ.ഡി.എഫിനായി സി.എ അരുൺകുമാറും, യു.ഡി.എഫിന്റെ കൊടിക്കുന്നിൽ സുരേഷും, എൻ.ഡി.എയ്ക്കുവേണ്ട് ബൈജു രാജനുമാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്.
ആലപ്പുഴ
2019-ലെ പൊതുതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് ലഭിച്ച ഏക സീറ്റായിരുന്നു ആലപ്പുഴ. മറ്റ് 19 മണ്ഡലങ്ങളിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ചുകയറിയപ്പോൾ ആലപ്പുഴ എ.എം ആരിഫിനൊപ്പം നിന്നു. ഇതേ, ആരിഫാണ് എൽ.ഡി.എഫിന് വേണ്ടി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നത്. യു.ഡി.എഫിനുവേണ്ടി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പിയുടെ മുതിർന്ന നേതാവ് ശോഭാ സുരേന്ദ്രനാണ് മത്സരിക്കുന്നത്. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫംഗവും ഇടതുവിമർശകനുമായ കെ.എം. ഷാജഹാനും മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്.
കോട്ടയം
17 സ്ഥാനാർഥികളാണ് കോട്ടയത്ത് നിന്നും ഇക്കുറി ജനവിധി തേടുന്നത്. യു.ഡി.എഫിനായി ഫ്രാൻസിസ് ജോർജും, എൽ.ഡി.എഫിനായി തോമസ് ചാഴിക്കാടനുമാണ് മത്സരരംഗത്ത്. എൻ.ഡി.എയ്ക്കുവേണ്ടി തുഷാർ വെള്ളാപ്പള്ളിയാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർഥിയുടെ അതേപേരിൽ രണ്ട് സ്ഥാനാർഥികൾ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിട്ടുണ്ട്. സ്വതന്ത്രരായ ഫ്രാൻസിസ് ജോർജും, ഫ്രാൻസിസ് ഇ. ജോർജും.
ഇടുക്കി
12 പേരാണ് ഇടുക്കിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. യുഡിഎഫിനായി സിറ്റിങ് എംപി ഡീൻ കുര്യാക്കോസും എൽഡിഎഫിനായി ജോയ്‌സ് ജോർജും എൻഡിഎയ്ക്കായി സംഗീത വിശ്വനാഥനുമാണ് പത്രിക നൽകിയിട്ടുള്ളത്.
എറണാകുളം
എറണാകുളത്ത് സിറ്റിങ് എം.പി ഹൈബി ഈഡനാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി. എൽ.ഡി.എഫിനായി കെ.ജെ. ഷൈനാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. കൂടാതെ, എൻ.ഡി.എയും ട്വന്റി ട്വന്റിയുമുണ്ട് മത്സരരംഗത്ത്. എൻ.ഡി.എയ്ക്കുവേണ്ടി കെ.എസ് രാധാകൃഷ്ണനാണ് പത്രിക സമർപ്പിച്ചത്. ട്വന്റി ട്വന്റിയ്ക്കായി ആന്റണി ജൂഡിയും. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ കൈയിലുള്ളതെല്ലാം നൽകി പ്രസിദ്ധനായ നൗഷാദുമുണ്ട് എറണാകുളം മണ്ഡലത്തിൽ ഒരു കൈനോക്കാൻ.
തൃശ്ശൂർ
കേരളത്തിലെ തീപാറുന്ന പോരാട്ടം കാഴ്ചവയ്ക്കാൻ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂർ. ഇടതുവലതു മുന്നണികൾക്കുപുറമെ എൻ.ഡി.എ ഏറെ പ്രതീക്ഷവയ്ക്കുന്ന മണ്ഡലങ്ങളിലൊന്നുകൂടെയാണ് തൃശ്ശൂർ. ആകെ 15 സ്ഥാനാർഥികളും കൂടെ 31 പത്രികകളാണ് മണ്ഡലത്തിൽ സമർപ്പിച്ചിരിക്കുന്നത്. ഇടതുമുന്നണിക്കുവേണ്ടി ജനപ്രിയനായ വി.എസ് സുനിൽകുമാറാണ് മണ്ഡലത്തിൽ പത്രിക സമർപ്പിച്ചത്. വടകരയിൽ നിന്നു 2019-ൽ ഉജ്ജ്വല വിജയം കാഴ്ചവച്ച കെ. മുരളീധരനാണ് തൃശ്ശൂരിൽ യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി. ചലച്ചിത്രതാരം സുരേഷ് ഗോപിയാണ് എൻ.ഡി.എയ്ക്കായി പത്രിക സമർപ്പിച്ചിരിക്കുന്നത്. പ്രമുഖ മുന്നണി സ്ഥാനാർഥികളുടെ പേരിനോട് സാദൃശ്യമുള്ള ആരും തൃശ്ശൂരിൽ പത്രിക സമർപ്പിച്ചിട്ടില്ല.
പാലക്കാട്
2019-ൽ ഇടതുപക്ഷത്തുനിന്നും യു.ഡി.എഫ് റാഞ്ചിയ മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. 16 സ്ഥാനാർഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. യു.ഡി.എഫിനായി വി.കെ. ശ്രീകണ്ഠൻ തന്നെയാണ് മത്സരിക്കാനിറങ്ങുന്നത്. എൽ.ഡി.എഫിനായി എ. വിജയരാഘവനും. എൻ.ഡി.എ സ്ഥാനാർഥിയായി സി. കൃഷ്ണകുമാറാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. എ. വിജയരാഘവൻ എന്ന് അതേപേരിൽ ഒരു സ്വതന്ത്രസ്ഥാനാർഥികൂടെ പത്രികസമർപ്പിച്ചിട്ടുണ്ടെന്നത് ഇടതുമുന്നണിയെ പിരിമുറുക്കത്തിലാക്കിയേക്കാം.
മലപ്പുറം
14 പേരാണ് മലപ്പുറത്ത് പത്രിക നൽകിയിട്ടുള്ളത്. യുഡിഎഫിനായി ഇ.ടി.മുഹമ്മദ് ബഷീറും എൽഡിഎഫിനായി വസീഫും എൻഡിഎയ്ക്കായി അബ്ദുൾ സലാമുമാണ് പത്രിക നൽകിയിട്ടുള്ളത്. വസീഫിന്റെ പേരിനോട് സാദൃശ്യമുള്ള പി.പി.നസ്‌വീഫും നസീഫ് അലി മുല്ലപ്പള്ളിയും സ്വതന്ത്രരായി പത്രിക നൽകിയിട്ടുണ്ട്. അബ്ദുസലാം എന്ന പേരുള്ള സ്വതന്ത്രനും സ്ഥാനാർഥിയാകാൻ അപേക്ഷ നൽകിയിട്ടുണ്ട്. സാമൂഹികപ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തെരുവിൽ പാട്ടും മിമിക്രിയും അവതരിപ്പിച്ച് ശ്രദ്ധേയനായ തൃശ്ശൂർ നസീറും (ഗിന്നസ് നസീർ) ഇത്തവണ മലപ്പുറത്ത് മത്സരത്തിനുണ്ട്.
പൊന്നാനി
20 പേരാണ് പൊന്നാനിയിൽ നിന്ന് ജനവിധി തേടാൻ അപേക്ഷിച്ചിരിക്കുന്നത്. യുഡിഎഫിനായി അബ്ദുസ്സമദ് സമദാനിയും എൽഡിഎഫിനായി കെഎസ് ഹംസയും എൻഡിഎയ്ക്കായി നിവേദിതയുമാണ് മത്സരത്തിനുള്ളത്. അബ്ദുസ്സമദ് എന്ന പേരുള്ളയാളും ഹംസ എന്ന പേരുള്ളയാളും സ്വതന്ത്രരായി പത്രിക സമർപ്പിച്ചിട്ടുണ്ട്. ഹംസ കടവണ്ടി എന്നയാളും സ്വതന്ത്രനായി പത്രിക നൽകിയിട്ടുണ്ട്.
കണ്ണൂർ
കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിൽ പ്രമുഖ മുന്നണി സ്ഥാനാർഥികളടക്കം ആകെ 15 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ഇവരിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.സുധാകരന് ഭീഷണിയുയർത്തിക്കൊണ്ട് അതേപേരിൽ രണ്ടുപേർ പത്രിക നൽകി. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി.ജയരാജന് വെല്ലുവിളിയായി ജയരാജൻ എന്ന പേരിൽ ഒരാളും രണ്ട് ജയരാജുമാരും പത്രിക നൽകി.
കാസര്‍കോഡ്
15 സ്ഥാനാര്‍ഥികളാണ് കാസര്‍കോഡ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്‍ നാല് സെറ്റ് പത്രികയും കോണ്‍ഗ്രസിന് വേണ്ടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മൂന്ന് സെറ്റ് പത്രികയും ബിജെപി സ്ഥാനാര്‍ഥിയായ അശ്വനി എം.എല്‍ നാല് സെറ്റ് പത്രികയും സമര്‍പ്പിച്ചു,



