
ഇരുവഞ്ഞി വാലി അഗ്രി ടൂറിസം സർക്യൂട്ടിന്റെ പ്രമോഷന്റെ ഭാഗമായും സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പ് ആയ ‘മലബാർ റിവർ ഫെസ്റ്റിവലിന്റെ’ പ്രീ ഇവന്റുകളുടെ ഭാഗമായും (28/07/’22) മലബാർ ടൂറിസം കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ മേഖലയിലെ ടൂർ ഓപ്പറേറ്റർമാരുടെ സംഘം ഈ സർക്യൂട്ട് നേരിട്ട് കണ്ട് പരിചയപ്പെടാനും ഇരുവഞ്ഞിപ്പുഴയിലെ കയാക്കിങ് പരിശീലന പരിപാടികൾ സന്ദർശിക്കുവാനുമായുള്ള യാത്ര കോഴിക്കോട് അരയിടത്ത്പാലം ജംഗ്ഷനിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ ഫ്ലാഗ് ഓഫ് ചെയ്തു.
പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ടൂറിസം ഓപ്പറേറ്റർമാർ ഒന്നുചേർന്ന് രൂപീകരിച്ചിരിക്കുന്ന സംഘടനയാണ് മലബാർ ടൂറിസം കൗൺസിൽ (MTC). മലബാർ മേഖലയിലെ ടൂറിസം വികസനത്തിനായി നിരവധി പദ്ധതികൾ MTC യുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജയകുമാർ, ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഗ്രൂപ്പ് പ്രസിഡന്റ് അജു എമ്മാനുവൽ, എംടിസി പ്രസിഡന്റ് സജീർ പടിക്കൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഒമശ്ശേരി റൊയാഡ് ഫാം സ്റ്റേ, ബോണി മുട്ടത്തുകുന്നേലിന്റെ ഗ്രേയ്സ് ഗാർഡൻ, പുരയിടത്തിൽ ഗോട്ട് ഫാം, തങ്കച്ചൻസ് കെന്നൽ, താലോലം പ്രൊഡക്ട്സ്, അക്വാ പെറ്റ്സ് ഇന്റർനാഷനൽ, തറക്കുന്നേൽ ഗാർഡൻ, കാർമ്മൽ ഫാം & നഴ്സറി, കല്ലോലിക്കൽ ഫാം, ലേക്ക് വ്യൂ ഹോളിഡേ വില്ല എന്നിവിടങ്ങളാണ് ഇന്ന് സന്ദര്‍ശിച്ചത്.
ഈ മേഖലക്ക് ഫാം ടൂറിസം മേഖലയിൽ വളരെ മികച്ച സാധ്യതകളാണുള്ളത് എന്ന് സന്ദർശക ടീം അംഗങ്ങളെല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. സന്ദര്‍ശിച്ച ഫാമുകൾ എല്ലാം മികച്ച നിലവാരം പുലര്‍ത്തുന്നവയാണെന്നും അവർ പറഞ്ഞു. ഫാം ഉടമകളുടെ ടൂറിസം മേഖലയോടുള്ള പോസിറ്റീവ് സമീപനത്തെയും പ്രശംസിച്ചു.
യാത്രാവസാനം ചേര്‍ന്ന അവലോകന യോഗത്തിന് എംടിസി പ്രസിഡന്റ് സജീർ പടിക്കൽ അദ്ധ്യക്ഷത വഹിച്ചു. ടൂർ ഓപ്പറേറ്റർമാർ കർഷകർക്കായുള്ള തങ്ങളുടെ അഭിപ്രായനിർദ്ദേശങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
ഇരവഞ്ഞി വാലി ടൂറിസം കർഷക കൂട്ടായ്മയാണ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി മലബാർ ടൂറിസം കൗൺസിലിനെ ഈ യാത്രയ്ക്കായി ക്ഷണിച്ച് കൊണ്ടുവന്നത്.



