മുക്കത്ത് വ്യാപാരികളുടെ പ്രതിഷേധം കനത്തു; ബസ് സർവ്വീസ് പുന:സ്ഥാപിച്ചു

മുക്കം: മുക്കം നഗരത്തിൽ രണ്ടാംഘട്ട സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമ്മാണം തുടങ്ങി ഒരു വർഷം പൂർത്തിയായിട്ടും പുതിയ ബസ് സ്റ്റാന്റിലേക്ക് ബസ് സർവ്വീസ് പുന:സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ. നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കാത്തത് മൂലം വാടക, ശമ്പളം, കറന്റ് ബില്ല് തുടങ്ങിയ ഇനത്തിൽ വലിയ ബാധ്യതയാണ് വ്യാപാരികൾക്ക് ഉണ്ടായതെന്നും ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനിരിക്കെ, പത്ത് ദിവസത്തിനകം തുറന്ന് നൽകാമെന്ന ഉറപ്പിനെ തുടർന്ന് പിൻമാറുകയുമായിരുന്നുവെന്നും വ്യാപാരികൾ അറിയിച്ചു.തുടർന്ന് പ്രതിഷേധമറിയിച്ചതോടെ വ്യാഴാഴ്ച തുറക്കാൻ എൻജിനിയർ അനുമതി നൽകിയിരുന്നു.എന്നാൽ അതും നടക്കാതെ വന്നതോടെയാണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്.റോഡ് തുറന്ന് നൽകാതെ പിരിഞ്ഞ് പോകില്ലെന്ന് കടുത്ത നിലപാടെടുത്തതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് പി. അലി അക്ബറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.നഗരസഭ കൗൺസിലർ ജസീല അസീസ്, വ്യാപാരി നേതാക്കളായ വി.പി അനീസുദ്ധീൻ ,ഡിറ്റോ തോമസ്സ്, സി.കെ ഹാരിസ് ബാബു, വി.കെഷിംജി, ചാലിയാർ അബ്ദുസ്സലാം, എം.കെ ഫൈസൽ, കെ.ടി ഷരീഫ് എൻ. കെ മുഹമ്മദലി, ടി.പി ഫൈസൽ ,കെ.സി നൂറുദ്ധീൻ ,ബഷീർ ഒമാൻ .പി.കെ അഷ്റഫ്, രവി തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കാളികളായി.



