
ഒരു വിശുദ്ധ മോഷണം...എന്റെ ബാല്യത്തിലാണ്.. കോട്ടികളിയും, മീൻപിടുത്തവും, കുട്ടിയും കോലും, അണ്ടി കളിയുമൊക്കെയായി തോട്ടിലും, വയലിലും, തോട്ടത്തിലുമൊക്കെ ചിലവഴിച്ചിരുന്ന കാലം… എന്റെ വീട്ടിൽ നിന്ന് അൽപ്പം മാറിയായിരുന്നു, രണ്ടുരണ്ടര ഏക്കർ സ്ഥലത്ത് രണ്ടു നിലയുള്ള, ഒരുപാട് മുറികളുള്ള, ഏഴു മക്കളുള്ള (അഞ്ചുപെണ്ണും രണ്ടാണും )ഞങ്ങൾ കൈസത്താന്ന് വിളിക്കുന്ന കദീസുമ്മ താത്താന്റെ വീട്…..തോടും തോട്ടവും വയലും എന്നപോലെ ഞങ്ങളുട കളിസ്ഥലങ്ങളിലൊന്നായിരുന്നു ആ വീടും പരിസരവും….ചക്ക, മാങ്ങ, പേര, ചാമ്പ, കശുവണ്ടി, നെല്ലിക്ക തുടങ്ങി ഒരുമാതിരി പെട്ട എല്ലാവിധ ഫലവൃക്ഷങ്ങളാലും സമ്പുഷ്ടമായിരുന്നു ആ പുരയിടം. കൈസാത്താന്റെ ഇളയമകൻ കുഞ്ഞ്, എന്നെക്കാളും നാലോ അഞ്ചോ വയസ് കൂടുതലുണ്ടാകും. അവനായിരുന്നു ഞങ്ങളുടെ ഹീറോ, നേതാവ്.. അവന്റെകൂടെയായിരുന്നു ഞാൻ ആദ്യമായിട്ട് സിനിമക്ക് പോയത് (കണ്ടു കണ്ടറിഞ്ഞു ). സിനിമയ്ക്കുപോയാൽ ദീനുൽ ഇസ്ലാമിന്ന് പുറത്താകും എന്ന് പറയുന്ന കാലമാണ്….
അതുകൊണ്ടൊക്കെത്തന്നെ ഞങ്ങളുടെയൊക്കെ രക്ഷിതാക്കൾ, അവന്റെ കൂടെ കൂടരുതെന്ന് നിർബന്ധം പിടിച്ചിരുന്നു… ഞാനും കുട്ടിയും ആയിരുന്നു അവന്റെ ശിങ്കിടികൾ..മാങ്ങ പറിക്കൽ, അണ്ടി പറിക്കൽ, ഉറ ഒട്ടിക്കൽ(ന്യൂസ് പേപ്പർ വ്യത്യസ്ത അളവിൽ കീറി, മൈദയിൽ ചൂടുവെള്ളമൊഴിച്ച് പശയുണ്ടാക്കി ഉറ ഒട്ടിക്കും)തുടങ്ങിയ എല്ലാ കലാപരിപാടികൾക്കും ഞങ്ങൾ സഹായികളായിയുണ്ടാകും…”പെണ്ണ്” അങ്ങിനെയാണ് അവന്റെ മൂത്ത സഹോദരിയെ വിളിക്കുന്നത്. സരസ സ്വഭാവമായിരുന്നു, എപ്പോഴും പുഞ്ചിരിച്ചുകൊണ്ടുള്ള മുഖം.. രണ്ടാമത്തേത് “ഇണ്ണി” ശാന്തം. പിന്നെ ബീച്ചുണ്ണി, വായാടി.”കുഞ്ഞാൾ” എന്നെക്കാളും രണ്ടുവയസിനു മൂത്തത്, അഞ്ചിലോ ആറിലോ പഠിക്കുന്നു. പഠിപ്പിസ്റ്റ്.ബുക്കും പുസ്തകങ്ങളുമായിരുന്നു അവളുടെ ലോകം..ഇളയവൾ ഇങ്കമണി, പൂ പറിച്ചും തുമ്പിയെ പിടിച്ചും ഒരു പൂമ്പാറ്റയെപ്പോലെ പാറിപറന്ന് നടക്കുന്നു.
മൂത്തവനായിരുന്നു ആ വീട്ടിലെ കാരണവർ, ഞങ്ങൾ കുട്ടികളോടൊന്നും വലിയ അടുപ്പം ഉണ്ടായിരുന്നില്ല. എന്നുവെച്ച് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല…. ആ വീട്ടിൽ ഞങ്ങൾക്ക് സർവ്വവിധ സ്വാതന്ത്രിയവും ഉണ്ടായിരുന്നു. എനിക്ക് ഇത്താത്തമാരോ,മൂത്ത സഹോദരിമാരോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവരുടെ (സഹോദരിമാർ) സാമീപ്യം എന്നെ ആനന്ദിപ്പിച്ചിരുന്നു. ഭക്ഷണവും, പഴങ്ങളും പലഹാരങ്ങളുമെല്ലാം സ്വന്തം വീട്ടില്ലെന്നപോലെയാണ് ഞങ്ങൾ കഴിച്ചിരുന്നത്….
വേനലാവധിക്കു സ്കൂൾ അടച്ചു. അവരുടെ പറമ്പിന്റെ വലത്തേ മൂലയിൽ, റോഡിനോട് ചേർന്ന്, നാല് കാലുനാട്ടി ഓല മെടഞ്ഞതും കമുങ്കിന്റെ അലകും മറ്റും ചേർത്ത് ഒരു ഷെഡ്‌ടുണ്ടാക്കി, കച്ചവടം തുടങ്ങി…പത്തു പൈസയുടെ ഇഞ്ചി മിഠായി,അഞ്ചുപൈസയുടെ നാരങ്ങ മിഠായി, പത്തിന്റെ പല്ലുമ്മലൊട്ടി, ബബിൾഗം, ഇരുപതിന്റെ കടല മിഠായി,ഇരുപത്തിയഞ്ചുപൈസയുടെ പോപിൻസ്, ജീരകമിഠായി വിവിധതരം സ്റ്റിക്കാറുകൾ തുടങ്ങിയവയെല്ലാം വില്ക്കാൻ വെച്ചിട്ടുണ്ട്…ഇരുപത്തിയഞ്ച് പൈസയിൽ കുടുതൽ വിലയുള്ള ഒന്നും തന്നെയുണ്ടായിരുന്നില്ല. അമ്പത് പൈസയുടെതായിട്ട് ഞങ്ങൾ ആദ്യമായി കഴിച്ചിരുന്ന മിഠായി കുക്കീസ്(cookies )ആണ്.അത് പിന്നെയും മൂന്നുനാല് വർഷങ്ങൾക്കു ശേഷമായിരുന്നു വിപണിയിലെത്തിയത്.ആദ്യമാദ്യം കുഞ്ഞായിരുന്നു മുഴുവൻ സമയവും കടയിൽ. ഞങ്ങൾ(ഞാനും കുട്ടിയും )സഹായികളായും.
പിന്നെ പിന്നെ അവനെന്തെങ്കിലും പരിപാടിയോ, എങ്ങോട്ടെങ്കിലും പോകുവാനോ ഉണ്ടെങ്കിൽ ഞങ്ങളായിരിക്കും കടയിൽ, ചിലപ്പോൾ ഞങ്ങളിൽ ഒരാൾ…അന്നെന്റെ ഊഴമായിരുന്നു..കുട്ടികൾ വരുന്നു അഞ്ചുപൈസയുടെയും പത്തുപൈസയുടെയും അവരവർക്ക് വേണ്ടത് വാങ്ങി,കുറച്ച് തമാശയും കുശലം പറച്ചിലുമൊക്കെയായി തിരിച്ചുപോകും.അവരിൽ പലരും എന്റെ കളികൂട്ടുകാരോ പരിചയക്കാരോ ആയിരുന്നു.പോകാൻ നേരം അവരുടെ അസൂയയോടെയുള്ള ഒരു നോട്ടമുണ്ട്.?…!എങ്ങിനെ നോക്കാതിരിക്കും?.തെല്ലഹങ്കാരത്തോടും അതിലുപരി അഭിമാനത്തോടും വലിയ ആളുകൾ ചെയ്യുന്ന വളരെ ഉത്തരവാദപ്പെട്ട “പീട്യകച്ചോടം ” അവരിലൊരാളായ ഞാൻ ചെയ്യുന്നത് കാണുമ്പോൾ….
മൂത്ത മൂന്ന് സഹോദരിമാരിൽ ആരെങ്കിലുമൊക്കെ എപ്പോഴും ചിലപ്പോൾ എല്ലാവരും കടയിലും കടയ്ക്ക് ചുറ്റുമായിട്ടുണ്ടാകും.കുഞ്ഞ് പറഞ്ഞേൽപ്പിച്ചതായിരിക്കും, ഒന്നു ശ്രദ്ധിക്കാൻ….. അന്ന് ഉച്ചകഴിഞ്ഞ് അവര് മൂന്നുപേരും, കടയിൽ വന്നു, ബീച്ചുണ്ണി ചോദിച്ചു?.”ദേ ഇവിടെ,നിലത്ത് ഒരു പോപിൻസ് ഉണ്ടായിരുന്നല്ലോ?. നീ കണ്ടിരുന്നോ?”. ഞാൻ പെട്ടെന്ന് മറുപടി പറഞ്ഞു. “ഇല്ല, ഞാൻ കണ്ടിട്ടില്ല”..അപ്പോഴേക്കും ഞാൻ ആ മിഠായി ഒരു തുണ്ട് കടലാസ്സിൽ പൊതിഞ്ഞ് റോഡ് സൈഡിലുള്ള ഇലക്ട്രിക് പോസ്റ്റിന്റെ ചുവട്ടിലേക്ക് എറിഞ്ഞിരുന്നു,, വൈകുന്നേരം പോകുമ്പോൾ എടുക്കാമല്ലോയെന്നോർത്ത്….ആ പോപിൻസ്, നിലത്ത് കിടക്കുന്നത് യാദൃക്ഷികമായി അവര് കണ്ടതോ അല്ലെങ്കിൽ എന്നെ പറ്റിക്കാനായി, പരീക്ഷിക്കാനായി അവരിലാരെങ്കിലും ഇട്ടതോ ആകാം….”ഹാ, ഇവിടുണ്ടായിരുന്നു ഞാനതെടുത്ത് ഭരണിയിലിട്ടു ” എന്ന് പറയാതെ, “ഇല്ല, ഇവിടെയൊന്നും കണ്ടില്ല” എന്നുപറഞ്ഞാൽ ആ മിഠായി സൂക്ഷ്‌മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അവരെന്തുവിചാരിക്കും?,ഞങ്ങളല്ലാതെ കടയിൽ മറ്റാരുമുണ്ടായിരുന്നില്ലതാനും… അവരുടെ ചിരിയും പരസ്പരമുള്ള നോട്ടവും എന്നെ വല്ലാതെ ബുദ്ധിമുട്ടാക്കി. രണ്ടാമതൊന്നുകൂടെ എന്നോട് അതിനെപ്പറ്റി ചോദിക്കുകയോ മറ്റോ ചെയ്തില്ല.അവരുടെ കുഞ്ഞനിയന്റെ ഒരു വികൃതി എന്ന് കരുതി, നിസ്സാരമാക്കി വിട്ടു….
കുഞ്ഞിനോടും അവരതിനെ പറ്റി ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ എനിക്ക് കുറച്ച് ദിവസത്തേക്ക് അവരെ അഭിമുഖീകരിക്കാൻ വലിയ പാടായിരുന്നു… മോഷണം പിന്നെയും ഉണ്ടായിട്ടുണ്ട്. അമ്മായിയുടെ (ഉപ്പാന്റെപെങ്ങൾ) പെട്ടിയിൽ നിന്നു പത്തുപൈസ, ഇരുപത് പൈസ മോഷ്ടിച്ചിട്ടുണ്ട്. കൗമാരത്തിൽ ഉമ്മാന്റെ മേശയിൽ നിന്ന് 10രൂപയും,20 രൂപയുമൊക്കെ കട്ടിട്ടുണ്ട്.ഉപ്പ ഗൾഫിൽ നിന്ന് വന്നപ്പോൾ, മുപ്പത്തയ്യായിരമോ നാൽപതിനായിരമോ ഉണ്ടാകും. അമ്പതിന്റെയും, നൂറിന്റെയും കെട്ടുകളായിരുന്നു. അതിൽനിന്നും 50 രൂപ മോഷ്ടിച്ചിട്ടുണ്ട്…. കൗമാരത്തിലേക്ക് കടന്നപ്പോൾ,ഉപ്പ വന്നപ്പോൾ ആർക്കോ കൊടുക്കാൻ കൊണ്ടുവന്ന വിസ്കി അടപ്പുതുറന്ന് കുറച്ച് കുടിച്ചിട്ട് അടച്ചുവെച്ചിട്ടുണ്ട്…ഇതൊന്നും എന്റെ ഉറക്കം കെടുത്തിയിരുന്നില്ല..പക്ഷ, ആ പോപിൻസ്?…..കുറ്റബോധമായിരുന്നില്ല, മറിച്ച് ഞാൻ അവിടെ അവലംഭിച്ച രീതി, വിഡ്ഢിത്തം. അതുകൊണ്ടുള്ള ജാള്യത..അതായിരുന്നു എന്റെ ഉറക്കം കെടുത്തിയത്……..Sidhique Patta……



