News

ഇവിഎം മെഷീന്‍ കമ്മീഷനിംഗ് തുടങ്ങി

ലോക്‌സഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ വിതരണം ചെയ്യുന്ന ഇവിഎം- വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ഓരോ നിയമസഭാ മണ്ഡലത്തിലെയും കേന്ദ്രത്തില്‍ തുടങ്ങി. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്മീഷനിംഗ്.

സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ഇവിഎം ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ പതിച്ച് സീല്‍ ചെയ്ത ശേഷം കണ്‍ട്രോള്‍ യൂണിറ്റുകള്‍ ടാഗുകള്‍ ഉപയോഗിച്ച് സീല്‍ ചെയ്യുന്നതാണ് ഇവിഎം കമ്മീഷനിംഗ് പ്രക്രിയ.ജില്ലയിലെ കമ്മീഷനിംഗ് കേന്ദ്രങ്ങളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സന്ദര്‍ശനം നടത്തി.

ഇവിഎം മെഷീന്‍ കമ്മീഷന്‍ സെന്ററുകളായ വെസ്റ്റിഹില്‍ പോളിടെക്‌നിക്, ഗവ ലോ കോളേജ്, ജെഡിടി ഇസ്ലാം ആര്‍ട്‌സ്് ആന്റ് സയന്‍സ് കോളേജ് വെള്ളിമാട്കുന്ന്,   മീഞ്ചന്ത ആര്‍ട്‌സ് കോളേജ്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ശ്രീ ഗോകുലം ആര്‍ട്‌സ് കോളേജ് ബാലുശ്ശേരി, കൊടുവള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.ഇവിടെ ഡ്യൂട്ടിക്ക് നിയോഗിതരായ ഉദ്യോഗസ്ഥരുമായി കലക്ടര്‍ പ്രവര്‍ത്തനങ്ങള്‍ ചോദിച്ച് മനസ്സിലാക്കി.

ഹോം വോട്ടിംഗിന് ജില്ലയില്‍ തുടക്കമായി

ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിംഗ് സംവിധാനത്തിന് ഇന്ന് (ബുധൻ) ജില്ലയില്‍ തുടക്കമായി.ഓരോ നിയമസഭാ മണ്ഡലത്തിലും ഹോം  വോട്ടിംഗിനായി നിയോഗിച്ച  ഉദ്യോഗസ്ഥ സംഘങ്ങള്‍ നേരത്തെ അപേക്ഷ നല്‍കി, അർഹരായ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, സുരക്ഷാഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ബിഎല്‍ഒ എന്നിവരടങ്ങുന്ന  ഉദ്യോഗസ്ഥ സംഘമാണ് വോട്ടിംഗിനായി വീടുകളിലെത്തിയത്.
ഇനിയുള്ള മൂന്നു ദിവസങ്ങൾ കൂടിയാണ് ഹോം വോട്ടിംഗ്  പൂർത്തിയാക്കാൻ ബാക്കിയുള്ളത്.

മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉള്‍പ്പടെ ഒരുക്കിയാണ് വോട്ട് രേഖപ്പെടുത്തിത്.  ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതല്‍ 25 വരെ വോട്ടര്‍മാരുടെ വീട്ടിലെത്തി വോട്ടുകള്‍ രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

നേരത്തേ അസന്നിഹിത വോട്ടര്‍ (ആബ്‌സെന്റീ വോട്ടര്‍) വിഭാഗക്കാര്‍ക്കുള്ള നിശ്ചിത ഫോമില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയവരിൽ അർഹതയുള്ളവർക്കാണ് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരമുള്ളത്.
ജില്ലയില്‍ ഹോം വോട്ടിംഗിനായി  അർഹത നേടിയ 4873 ഭിന്നശേഷിക്കാരും 85ന് മുകളില്‍ പ്രായമുള്ള 10531 പേരുമാണുള്ളത്. അപേക്ഷ നല്‍കാത്ത ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഏപ്രില്‍ 26 ന് വോട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് കേന്ദ്രത്തിൽ  സാധിക്കും

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com