
തിരുവമ്പാടി: മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയായി വർധിച്ചു വരുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്‌എസ്പിയു) തിരുവമ്പാടി യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
കടക്കെണിയും കാർഷിക വിഭവങ്ങളുടെ വില തകർച്ചയും മൂലം ഉപജീവനത്തിനും അതിജീവനത്തിനും വേണ്ടി നെട്ടോട്ടമോടുന്ന മലയോര ജനതക്കും കർഷകർക്കും ഇടിത്തീ പോലെ കാട്ടു മൃഗ ശല്യം തീരാ ദുരന്തം വിതക്കുകയാണ്. മനുഷ്യ വന്യമൃഗ സംഘർഷം ഒഴിവാക്കാൻ നിയമത്തിലെ അനുകൂല വകുപ്പുകൾ ഉപയോഗിച്ച് മാധവ് ഗാഡ്ഗിൽ ഈയിടെ മുമ്പോട്ടു വെച്ച നിർദ്ദേശങ്ങൾ ഉടൻ നടപ്പാക്കണം.
ഇക്കാര്യത്തിൽ സർക്കാരുകൾ കാണിക്കുന്ന നിസ്സംഗതയും അലംഭാവവും സാധാരണ ജനത്തോടുള്ള വെല്ലുവിളിയാണെന്നും മനുഷ്യ ജീവനു പോലും വില കൽപ്പിക്കാതെ കാട്ടു മൃഗങ്ങൾക്ക് അമിത പരിഗണനയും സംരക്ഷണവും നൽകുന്നത് നാട്ടിൽ കാട്ടുനീതി നടപ്പാക്കലാണെന്നും ഈ അവസ്ഥക്ക് ഉടൻ അറുതി വരുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നാട്ടിൽ ഇറങ്ങി പെറ്റുപെരുകുന്ന കാട്ടുപന്നികൾ കാട്ടുമൃഗങ്ങളല്ലെന്നും അവയെ കൊല്ലാനുള്ള അധികാരം മനുഷ്യർക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡന്‍റ് പി.വി. ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി കെ.സി. ജോസഫ്, ട്രഷറർ എം.കെ. തോമസ്, ടി.ഒ. അബ്ദുറഹ്മാൻ, ടി.ടി. സദാനന്ദൻ, എം.വി. ജോർജ്, റൂബി തോമസ്, ഷാലി ബെനഡിക്റ്റ്, കെ.കെ. ഹരിദാസൻ, റോയി ഫിലിപ്പ്, പി.ടി. ഷാജു എന്നിവർ പ്രസംഗിച്ചു.



