ബൈക്കിലെത്തി തള്ളിയിട്ട മോഷ്ടാക്കളെ തുരത്തി നാരായണി അമ്മ

മാവൂർ : ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകൽ വയോധികയെ റോഡിൽ തള്ളിയിട്ടു മാല പിടിച്ചു പറിച്ചു. റോഡിലേക്കു തെറിച്ചു വീണതിനെ തുടർന്നു മുഖത്തും കാലിനും സാരമായ പരുക്കേറ്റ മൂത്തേടത്ത്കുഴി നാരായണി അമ്മ (85) സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം മാവൂർ പൈപ്‌ലൈൻ – മൂത്തേടത്ത് കുഴി റോഡിൽ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. അയൽവീട്ടിൽ നിന്നു നാരായണി അമ്മ സ്വന്തം വീട്ടിലേക്കു വരുന്നതിനിടെ ഹെൽമറ്റ് ധരിച്ചു ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് നാരായണി അമ്മയുടെ കഴുത്തിലെ മാല പിടിച്ചു പറിച്ച് റോഡിലേക്കു തള്ളിയത്.
തള്ളലിന്റെ ശക്തിയിൽ മുഖമടിച്ചു റോഡിലേക്കു തെറിച്ചു വീണ നാരായണി അമ്മയുടെ 2 പവൻ സ്വർണ മാലയുടെ ലോക്കറ്റും കൊളുത്തും കവർച്ചക്കാർക്കു കിട്ടി. നിലത്തു വീണ മാലയെടുക്കുന്നതിനു രണ്ടംഗ സംഘം നാരായണി അമ്മയുടെ നേർക്ക് പാഞ്ഞടുത്തപ്പോൾ റോഡിൽ വീണ മാല കൈക്കലാക്കി നാരായണി അമ്മ ബഹളം വച്ചു. ഇതു കേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെയാണ് ബൈക്കിലെത്തിയവർ കടന്നു കളഞ്ഞത്. മാവൂർ പൊലീസും സ്പെഷൽ സ്ക്വാഡും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 85ാം വയസ്സിലും ആത്മധൈര്യം ചോരാതെ നാരായണി അമ്മ കവർച്ചക്കാരെ നേരിട്ടതും, മുഖമടിച്ചു നിലച്ചു വീണെങ്കിലും വേദന കടിച്ചമർത്തി സ്വർണമാല കൈക്കലാക്കി ബഹളം വച്ചതും രക്ഷയായി.