സ്കൂട്ടറിൽനിന്ന് തീ പടർന്ന് വീടുകൾ കത്തിയ സംഭവത്തിൽ ദുരൂഹത;

പന്തീരാങ്കാവ് ∙ മാങ്കാവ് മൂരിയാട് പാലത്തിനു സമീപം മൂർക്കുന്ന പടന്നയിൽ സ്കൂട്ടറിൽനിന്ന് തീ പടർന്ന് 5 വീടുകൾ കത്തിയ സംഭവത്തിൽ ദുരൂഹത. വീടുകൾക്കു മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ കത്തിയത് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സ്കൂട്ടറിനാണ് ആദ്യം തീപിടിച്ചത്. ഇതു സമീപത്തെ മറ്റു 4 ഇരുചക്ര വാഹനങ്ങളിലേക്കും സമീപത്തെ 5 കുടുംബങ്ങളുടെ വീടുകളിലേക്കും പടർന്നു.5 ഇരുചക്രവാഹനങ്ങളാണ് കത്തിയത്. 2 ബൈക്ക് പൂർണമായും കത്തിയെരിഞ്ഞു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി. രാസപരിശോധനയ്ക്കായി കത്തിയ സ്കൂട്ടർ മോട്ടർ വാഹന വിഭാഗത്തിൽ എത്തിക്കും. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നിനു ശേഷം വീടുകളുടെ ഉടമയായ മൊയ്തീൻ കോയയുടെ വീടിനു താഴെ നിർത്തിയ സ്കൂട്ടറിൽ നിന്നാണു തീ ആദ്യം പടർന്നതെന്നു പൊലീസ് കരുതുന്നു. താമസക്കാരായ 5 കുടുംബങ്ങൾ തല ചായ്ക്കാൻ ഇടമില്ലാതെ വഴിയാധാരമായി. വീട്ടുസാധനങ്ങളും നഷ്ടപ്പെട്ടു.