
കൂടരഞ്ഞി : മരം മുറിക്കുന്നതിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റ് മരക്കൊമ്പുകൾക്കിടയിൽ തലകീഴായി കുടുങ്ങിയ തൊഴിലാളിയെ മുക്കം അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. കൂടരഞ്ഞി കുളിരാമുട്ടിയിൽ ഇന്നലെ (വെള്ളിയാഴ്ച) ഉച്ചയോടെയായിരുന്നു സംഭവം.പനക്കച്ചാൽ സ്വദേശി ചന്ദ്രൻ (55) ആണ് അപകടത്തിൽപ്പെട്ടത്.കുളിരാമുട്ടി സ്വദേശി ചെല്ലന്തറയിൽ അഗസ്തിയുടെ പറമ്പിൽ മരം മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മരം മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ചന്ദ്രന്റെ കാലുകൾ മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങുകയും നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി തൂങ്ങിക്കിടക്കുകയുമായിരുന്നു.അപകടസമയം സമീപത്ത് കൃഷിപ്പണിയിലായിരുന്ന പൊതോത്ത് രവി അപകടം ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ മരത്തിൽ കയറി ചന്ദ്രനെ താഴേക്ക് വീഴാതിരിക്കാൻ താങ്ങിനിർത്തുകയും ചെയ്തു.
എന്നാൽ ഒറ്റയ്ക്ക് രക്ഷപ്പെടുത്താൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കിയ അദ്ദേഹം അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ മുക്കം അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു.സേനാംഗമായ പി.ടി. ശ്രീജേഷ് മരത്തിൽ കയറി ചന്ദ്രന് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. തുടർന്ന് റോപ്പിന്റെയും റെസ്ക്യൂ നെറ്റിന്റെയും സഹായത്തോടെ ഏറെ ശ്രമകരവും സാഹസികവുമായ രക്ഷാപ്രവർത്തനത്തിലൂടെ ചന്ദ്രനെ സുരക്ഷിതമായി താഴെയെത്തിച്ചു.
കാലിന് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി. മനോജ്, സേനാംഗങ്ങളായ പി.ടി. അനീഷ്, കെ.പി. അജീഷ്, ആർ. മിഥുൻ, സി. വിനോദ്, അനു മാത്യു, ടി. രവീന്ദ്രൻ, കെ.എസ്. വിജയകുമാർ എന്നിവരും തിരുവമ്പാടി പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



