
തിരുവമ്പാടി:അടിസ്ഥാനസൗകര്യങ്ങളും സുരക്ഷാസംവിധാനങ്ങളുമില്ലാതെ അപകടമരണങ്ങൾ ആവർത്തിക്കുന്ന കോഴിക്കോട്ടെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടം ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻറെ നേതൃത്വത്തിൽ നേതാക്കൾ സന്ദർശിച്ചു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻറെ കീഴിലുളള ഈ പ്രധാന ടൂറിസ്റ്റ് കേന്ദ്രത്തിൽ സുരക്ഷയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ സംസ്ഥാന ടൂറിസം മന്ത്രി മുൻകയ്യെടുക്കണമെന്ന് സജീവൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മരണപ്പെട്ട പാലാഴി സ്വദേശികളായ രണ്ട് കുട്ടികളുൾപ്പെടെ കഴിഞ്ഞ ഏതാനും വർഷത്തിനുളളിൽ മാത്രം 27 പേർക്കാണ് ഇവിടെ അപകടമരണം സംഭവിച്ചത്.ആവശ്യത്തിന് ലൈഫ് ഗാർഡുകളോ,അടിസ്ഥാന വികസനമോ ഇവിടെയില്ല.രാജ്യത്തിൻറെ അകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് അവധിക്കാലം ആസ്വദിക്കാന്‍ ഇവിടേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ അവർക്ക് ഭീതി കൂടാതെ പ്രകൃതിഭംഗി ആസ്വദിക്കാനോ,പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനോ,നിർദ്ദേശങ്ങൾ നൽകാൻ ആവശ്യത്തിന് ജീവനക്കാരോ ഇവിടെയില്ല. മതിയായ സുരക്ഷാസംവിധാനങ്ങളൊരുക്കാത്തതിനാലാണ് അപടകമരണങ്ങൾ ആവർത്തിക്കുന്നത്.
പ്രതിദിനം നിരവധി സഞ്ചാരികളെത്തിക്കൊണ്ടിരുന്ന രണ്ട് പ്രവേശനമാർഗ്ഗവും,നിരവധി ആഴമുളള പാറയിടുക്കുകളുമുളള വിനോദസഞ്ചാരകേന്ദ്രത്തില്‍ അപകടമരണങ്ങൾ ആവർത്തിക്കുമ്പോൾ ആവശ്യത്തിന് സുരക്ഷാഗാർഡുകളെ പ്പോലും നിയമിക്കാതെ നിസ്സംഗത പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും സജീവൻ പറഞ്ഞു.ബിജെപി സംസ്ഥാന കമ്മറ്റിയംഗം ടി.പി.സുരേഷ്,മഹിളാമോർച്ച ജില്ലാപ്രസിഡൻറ് അഡ്വ.രമ്യമുരളി,ജില്ലാ മീഡിയാ കൺവീനർ കെ.പി.ഷൈജു,തിരുവമ്പാടി മണ്ഡലം പ്രസിഡൻറ് ബൈജു കല്ലടിക്കുന്ന്,ജനറൽ സെക്രട്ടറി ജതീഷ്ലാൽ (ലാലൂ അടിവാരം ) അടിവാരം,യുവമോർച്ച മണ്ഡലം പ്രസിഡൻറ് പ്രവീൺ പുതുപ്പാടി,ശശി മാളികവീട്,നയനശിവദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു



