Life Style

വനവാസം കഴിഞ്ഞു…? സിദ്ദിഖ് എഴുതുന്നു..

17 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് സർവ്വതും നഷ്ടപ്പെട്ട് 14 ലക്ഷത്തോളം രൂപ  കടബാധ്യതനായാണ് ഞാൻ നാട്ടിൽ വിമാനം ഇറങ്ങുന്നത്. പെട്ടെന്നുള്ള തിരിച്ചുപോക്കും മറ്റു പല പരിപാടികളും പ്ലാൻ ചെയ്തായിരുന്നു വന്നിരുന്നത്. നിർഭാഗ്യമാണോ ഭാഗ്യമാണോ എന്നറിയില്ല, കൊറോണ അതെല്ലാം തകിടം മറിച്ചു..

നാലര വർഷം മുമ്പ് തിരുവമ്പാടി ബസ്റ്റാൻഡിനോട് ചേർന്നുള്ള സ്റ്റേജിന് പൂറകിലായി ഒരു മിൽമ ബൂത്ത് തുടങ്ങി..

കൊറോണ കാരണം മറ്റ് കടകൾക്കെല്ലാം പല നിയന്ത്രണങ്ങളും ഉണ്ടായിരുന്നെങ്കിലും മിൽമ ബൂത്ത് ആയതുകൊണ്ട്  എനിക്ക് എല്ലാദിവസവും കട തുറക്കാൻ കഴിഞ്ഞു. എനിക്ക് പൊടിപൊടിച്ച കച്ചവടമായിരുന്നു..

എല്ലാ നഷ്ടങ്ങൾക്കും ശേഷം ജീവിതം സന്തോഷമായി പോയി തുടങ്ങി.10, 12 മണിക്കൂറോളം കടയിലെ ജോലിയും ( മക്കൾക്ക് കോളേജ് ഉള്ള ദിവസങ്ങളിൽ) എന്റെ എഴുത്തും  നന്നായി നടന്നു. കഥകളും അനുഭവക്കുറിപ്പുകളും ലേഖനങ്ങളും കവിതകളും (മൂന്നാലെണ്ണം) ഞാൻ എഴുതി..

മതവിശ്വാസങ്ങളിലെയും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളിലെയും  കപടതയെയും അന്ധവിശ്വാസങ്ങളെയും  എല്ലാ വിഭാഗക്കാർക്കും സ്വീകാര്യമായ രീതിയിൽ ഞാൻ വിമർശിച്ചു. എഴുത്ത് ആണ് എന്റെ മേഖല എന്ന്  എനിക്ക് തോന്നിത്തുടങ്ങി. മറ്റെന്തിനേക്കാളും ഞാനത് ആസ്വദിക്കാനും തുടങ്ങി. എത്ര തിരക്കായാലും എല്ലാദിവസവും  എന്തെങ്കിലുമൊക്കെ ഞാൻ എഴുതി..

13,14 ലക്ഷം രൂപ കടം ഉണ്ടായിരുന്നത്  9, 10 ലക്ഷത്തോളം  ഞാൻ  വീട്ടി..

എനിക്ക് അത്രത്തോളം രൂപ കടമുണ്ടായിരുന്നു എന്ന്  എന്റെ ഭാര്യയോടൊ മക്കളോടോ  മറ്റൊരാളോടോ ഞാൻ പറഞ്ഞിരുന്നില്ല..

എന്നെ സ്നേഹിക്കുന്നവരോട് പറഞ്ഞാൽ അവർക്ക് കൂടുതൽ സങ്കടമാകും, ഈ ഭാരിച്ച കടമെല്ലാം വീട്ടിയിട്ട് എന്നാണ് അവൻ ഒരു വീട് ഉണ്ടാവുക എന്നവർ സങ്കടപ്പെടും. മറ്റുള്ളവരോട് പറഞ്ഞാൽ പലരും പരിഹസിക്കുകയോ പുച്ഛിക്കുകയോ  അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ എന്നെ കുറ്റപ്പെടുത്തുകയോ ആണ് ചെയ്യുക..

എനിക്ക് 10, 11 വയസ്സുള്ളപ്പോൾ ഞങ്ങൾ താമസിച്ചിരുന്ന വാടക വീടിന്റെ  വരാന്തയിൽ ഇരുന്ന്  ചുറ്റുവട്ടത്തും താമസിച്ചിരുന്നവർ ചീട്ടു കളിക്കുന്നത് കണ്ട്, ഒരിക്കൽപോലും കൈകൊണ്ട് ചീട്ട് ഒന്ന് തൊട്ടു നോക്കുക കൂടി ചെയ്യാതെ,  റമ്മി, കീച്ച്, മങ്കൂസ്, കഴുത, ആസ് ജോക്കർ, ലേലം (28 ഉം  56 ഉം ) അങ്ങിനെ അവർ അവിടെ കളിച്ചിരുന്ന എല്ലാ കളികളും ഞാൻ സ്വായത്തമാക്കിയിരുന്നു. അഞ്ചാറുവർഷങ്ങൾക്ക് ശേഷം പത്താം ക്ലാസിൽ പഠിക്കുമ്പോൾ വാർഷിക പരീക്ഷയുടെ അവസാന  പരീക്ഷയുടെ  തലേന്നാളാണ് ഞാൻ ആദ്യമായി ചീട്ട് കൈകൊണ്ട് തൊടുന്നത്. ചെസ്സ് കളിയും ക്യാരംസ് കളിയും  പതിനഞ്ചാളും പുലിയും അത്തരത്തിലുള്ള പല കളികളും ഞാൻ ആസ്വദിച്ചിരുന്നെങ്കിലും എനിക്ക് ഏറ്റവും ആനന്ദം തന്നത് ചീട്ടുകളിയാണ്. മദ്യത്തിനും മയക്കുമരുന്നിനും  അതുപോലെയുള്ള മറ്റു പലതിനും മനുഷ്യർ അടിമപ്പെടുന്നത് പോലെ  17 മുതൽ 22 വയസ്സ് വരെ ഞാൻ ചീട്ടുകളിക്ക്  അടിമപ്പെട്ടിരുന്നു (Game addict ). അതൊരിക്കലും മറ്റുള്ളവരുടെ കാശ് മോഹിച്ചായിരുന്നില്ല. ചെസ്സ് കളിയും ക്യാരംസ് കളിയും  അങ്ങിനെ പലതരം കളികളും മാനസിക ഉല്ലാസത്തിന് മാത്രമായി കളിക്കുമെങ്കിലും ചീട്ടുകളി എന്തെങ്കിലും ഒന്ന് പന്തയം വയ്ക്കാതെ  കളിക്കുന്നത് വളരെ കുറവാണ്. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് കളിക്കുന്ന (എന്തിനും അത് വേണം) ഏതൊരു കളിയിലും ഞാൻ സമർത്ഥനായിരുന്നു..

ഈ കളികളെല്ലാം രണ്ടു തരത്തിലാണ് ആളുകൾ കളിക്കുന്നത്. ഒന്ന്, ക്യാരംസ് കളിക്കുന്നത് പോല, ചെസ്സ് കളിക്കുന്നത് പോലെ, ഒരു സിനിമ കാണുന്നതുപോലെ മാനസിക ഉല്ലാസത്തിന്, അല്ലെങ്കിൽ ഒരു വിനോദത്തിന് വേണ്ടി കളിക്കുന്നത്. രണ്ട്, പണത്തിനുവേണ്ടി മാത്രം കളിക്കുന്നത്. അതിനെയാണ് ചൂതാട്ടം എന്ന് പറയുന്നത്..

ഞാൻ ആദ്യത്തെ ഗണത്തിൽപ്പെട്ട ആളായിരുന്നു..

ചൂതാട്ടത്തിൽ ഏർപ്പെടുന്ന 97% പേർക്കും നഷ്ടം തന്നെയായിരിക്കും ഫലം. ലാഭം കൊയ്യുന്ന മൂന്ന് ശതമാനക്കാർ, ഒന്ന് അത് നടത്തുന്ന ആളുകൾ, രണ്ടാമത്തേത് അവിടെ കാശ് പലിശക്ക് കൊടുക്കുന്നവർ. മൂന്നാമത്തേത് ബുദ്ധിയും യുക്തിയും  ഉപയോഗിച്ച് കളിക്കുന്നവർ. മൂന്നാമത്തെ വിഭാഗത്തിൽപ്പെട്ട  ഒരാളാണ് ഞാനെന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം ..

ഖത്തറിൽ എത്തി  അഞ്ച് വർഷങ്ങൾക്കു ശേഷം  എന്റെ ഒരു ബാല്യകാല സുഹൃത്തിന്റെ റൂമിലേക്ക് എല്ലാ വ്യാഴാഴ്ചയും ഞാൻ വിരുന്നു പോയിരുന്നു. അതുവരെ ഖത്തറിൽ നിന്ന് ചീട്ട് കൈകൊണ്ട് തൊട്ടിട്ടില്ലാത്ത ഞാൻ അവിടെ റൂമിൽ ഉണ്ടായിരുന്ന അഞ്ചാറ് പേരുമൊത്ത് പത്ത് റിയാലിനും 20 റിയാലിനും  റമ്മിയും പത്തൊമ്പതും കളിക്കുമായിരുന്നു. കഠിനാധ്വാനത്തിന്റെ പര്യായമായി ഞാൻ കാണുന്ന എന്റെ ആ ബാല്യകാല സുഹൃത്തിന് ചീട്ടുകളി എന്ന് വെച്ചാൽ  ചെകുത്താൻ കുരിശ് കാണുന്നതുപോലെയാണ്. മറ്റെവിടെയും പോകാനില്ലാത്തതുകൊണ്ട് സ്മോൾ അടിച്ചും ഭക്ഷണം പാകം  ചെയ്തും പട പടാന്ന് സംസാരിച്ച് അവനും ഞങ്ങളുടെ കൂടെ തന്നെ ഉണ്ടാവും. ഭൂരിഭാഗം ദിവസങ്ങളിലും, ഏറെക്കുറെ എല്ലാ ദിവസങ്ങളിലും  കളിച്ച് ജയിച്ചിരുന്ന എന്നോട് എന്റെ ദാരിദ്ര്യം അറിയുന്നതുകൊണ്ട്, എങ്ങിനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് കരുതി പലപ്പോഴും അവൻ പറഞ്ഞിട്ടുണ്ട് “നിനക്ക് ആയിരമോ 2000മോ (റിയാൽ) ഞാൻ തരാം. നീ ഏതെങ്കിലും വലിയ കളിയിൽ പോയി കളിച്ചു നോക്ക്”, എന്ന്. വർഷങ്ങൾക്ക് ശേഷം  സർവ്വതും നഷ്ടപ്പെട്ട എന്നെ എന്റെ എല്ലാ നഷ്ടങ്ങൾക്കും  കാരണം എന്റെ ചീട്ടുകളിയാണ് എന്ന്  പലരും പിറുപിറുത്തപ്പോൾ എന്താണ് സംഭവിച്ചതെന്ന് ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെ അവരുടെ കൂടെ ചേർന്ന്  എന്നെ വേദനിപ്പിക്കുന്ന രീതിയിൽ  കുറ്റപ്പെടുത്തുകയായിരുന്നു എന്റെ ആ ബാല്യകാല സുഹൃത്ത് ചെയ്തത്..

അത്തരം ഒരു സമൂഹത്തോട് (എന്റെ ബന്ധുക്കൾ ഉൾപ്പെടെ) എന്റെ ബാധ്യതയും ദാരിദ്ര്യവും  പറഞ്ഞ് ഞാൻ എന്തിന്  എന്റെ സന്തോഷത്തെ കൊല്ലണം?..

അഞ്ചുവർഷം മുമ്പ്  ഖത്തറിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട്  നാട്ടിൽ തിരിച്ചെത്തിയ എനിക്ക് അന്നുമുതൽ, ഇന്നും രണ്ട് ലക്ഷ്യങ്ങളെ  ഉണ്ടായിരുന്നുള്ളൂ. മക്കളെ പഠിപ്പിക്കുക എന്നതും ഒരു അഞ്ചു സെന്റ്  സ്ഥാലം വാങ്ങി അതിൽ ഒരു വീട് വെക്കുക എന്നതും ആയിരുന്നു അത്.

എല്ലാം ഭംഗിയായി നടന്നുവരികയേയാണ്   ജൂൺ (2024) ആദ്യവാരത്തിൽ  ഖത്തറിൽ നിന്നും  പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് ഒരു കോൾ വരുന്നത്..

എനിക്ക് കാശ് തരാനുള്ള ഗോപകുമാറിന്റെതായിരുന്നു ആ കോൾ..

2019 ഡിസംബർ ഇരുപത്തിയാറാം തീയതിയാണ്  ഞാൻ നാട്ടിൽ തിരിച്ചെത്തിയത്..

അപ്പോഴേക്കും ചൈനയുടെ ഒരു കോണിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടിരുന്നു..

സർവ്വതും നഷ്ടപ്പെട്ട്  ഒരു 50 രൂപ പോലും  എടുക്കാനില്ലാതെ 14 ലക്ഷം രൂപയോളം  കടബാധ്യതനായ എനിക്ക് തിരിച്ചു പോകാൻ കഴിയാതെയായി. ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന  M B  A കാരൻ ഗോപകുമാർ  2022ൽ  നടക്കാൻ പോകുന്ന ലോകകപ്പിനോട് അനുബന്ധിച്ച് വിദേശി ജോലിക്കാരുടെയും  ടൂറിസ്റ്റുകളുടെയും  പ്രവാഹം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റിൽ (ഒരു വർഷത്തേക്കും രണ്ടു വർഷത്തേക്കും ഫ്ലാറ്റുകളും വില്ലകളും ബിൽഡിങ്ങുകളും ഡോർമെറ്ററികളും വാടകക്കെടുത്ത് ആവശ്യക്കാർക്ക് മേൽവാടകയ്ക്ക് കൊടുക്കുക) കയ്യിലുള്ളതും പലരോടും കടം വാങ്ങിയും  കോടികൾ മുടക്കി..

കൊറോണ കാരണം ബിസിനസ് പൊട്ടിപ്പൊളിഞ്ഞ്  സകലതും നഷ്ടപ്പെട്ട്  കൊറോണ ശമനമായപ്പോഴേക്കും ചെക്ക് കേസിൽ ജയിലിലായി രണ്ടര വർഷത്തിനുശേഷം  ജയിൽ മോചിതനായാണ്  അവൻ എന്നെ വിളിച്ചത്..

കൊറോണയുടെ  നിയന്ത്രണം കാരണം മറ്റു കടകളെല്ലാം അടഞ്ഞുകിടുന്നതുകൊണ്ട് എനിക്ക് ഇന്നത്തേതിലും മൂന്നും നാലും ഇരട്ടി കച്ചവടം കൂടുതലായിരുന്നു. എന്റെ കടങ്ങളെല്ലാം ഓരോന്നായി വീടിത്തുടങ്ങി. മക്കൾ രണ്ടുപേരുടെ പഠനവും ഭംഗിയായി നടന്നു..

കച്ചവടം തുടങ്ങി ഈ നിമിഷം വരെ  ഒരിക്കലും ഒരു പതിനായിരമോ ഇരുപതിനായിരമോ  എനിക്ക് സൂക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പത്തോ ഇരുപതോ ആകുമ്പോഴേക്കും മറ്റാരോടെങ്കിലും കുറച്ചുകൂടെ കടം വാങ്ങി ഏതെങ്കിലും കടം വീട്ടും. നാട്ടിൽനിന്ന്  പലരോടായി  ഒരാഴ്ചത്തേക്കും രണ്ടാഴ്ചത്തേക്കും ഒരു മാസത്തേക്കും  അവധിക്ക്  കടം വാങ്ങി എന്റെ കയ്യിൽ ഉള്ളതും ചേർത്ത് ഓരോ കടങ്ങൾ വീട്ടി. ഒരാളോടും പറഞ്ഞ വാക്ക് തെറ്റിക്കേണ്ടി വന്നിട്ടില്ല. കാര്യങ്ങളെല്ലാം ഭംഗിയായി പോയികൊണ്ടിരിക്കയേയാണ് ഗോപകുമാറിന്റെ  ആ കോൾ  വരുന്നത്..

അവന്റെ വിശേഷങ്ങളെല്ലാം മറ്റു സുഹൃത്തുക്കൾ വഴി ഞാൻ അറിയുന്നുണ്ടായിരുന്നു..

ഞങ്ങൾ അരമുക്കാൽ മണിക്കൂറോളം സംസാരിച്ചു. പരസ്പരം ധൈര്യം പകർന്നു. പോയതെല്ലാം തിരിച്ചെടുക്കാം എന്നുള്ള ഉറച്ച ആത്മവിശ്വാസത്തിലായിരുന്നു അവനും. അവന്റെ പഴയ കൺസ്ട്രക്ഷൻ കമ്പനി റീഓപ്പൺ ചെയ്തുവെന്നും ഒന്ന് രണ്ട് വർക്കുകൾ കിട്ടിയിട്ടുണ്ടെന്നും ഒരു വർക്കിന്റെ 50 ശതമാനം അഡ്വാൻസ്  ജൂൺ പതിനാലാം തീയതി  മാറാൻ തരത്തിൽ ചെക്ക് (P D C) കിട്ടിയിട്ടുണ്ടെന്നും  14നോ 15 നോ എനിക്ക് മൂന്ന് ലക്ഷം രൂപ അയച്ചു തരാമെന്നും അവൻ പറഞ്ഞു..

കുറഞ്ഞ മണിക്കൂറുകൾ ഒരാളോട് ഇടപഴകിയാൽ അയാളുടെ ഭൂതവും ഭാവിയും വർത്തമാനവും ഒരു പരിധിവരെ ഊഹിച്ചെടുക്കാൻ കഴിയുന്ന എനിക്ക് രണ്ടു വർഷത്തോളം അടുപ്പമുള്ള അവനെ അവിശ്വസിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല..

ഗോപൻ  വിളിക്കുന്നതിന്റെ ഒന്ന് രണ്ടാഴ്ച മുമ്പാണ് ഞാൻ രണ്ടര ലക്ഷത്തോളം രൂപ  കൊടുക്കാനുള്ള  എന്റെ മറ്റൊരു സുഹൃത്ത് ഫായിസ് വിളിച്ചിരുന്നത്. നാലരലക്ഷത്തോളം രൂപ ഞാൻ അവന് കൊടുക്കാൻ ഉണ്ടായിരുന്നു. രണ്ട് ലക്ഷം രൂപ മൂന്നുനാലു തവണയായി കൊടുത്തു. ബാക്കിയുള്ളതാണ്  രണ്ടര ലക്ഷം. അവനും ഞാനും തുടർച്ചയായി വിളിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും  അവൻ തിരുവമ്പാടിയിലേക്ക് വരുമ്പോൾ എന്നെ വന്ന് കാണുകയും ചെയ്തിരുന്നു. ഒരിക്കലും എന്നോട് അവൻ കാശ് ചോദിച്ചിരുന്നില്ല. ഇടയ്ക്കിടെ ഞാനത് ഓർമ്മിപ്പിക്കുമ്പോൾ “അത് ഇക്ക ഉള്ളപ്പോൾ തന്നാൽ മതി” എന്നാണ് അവൻ പറഞ്ഞിരുന്നത്. അങ്ങനെയാണ് ഞാൻ കൊടുത്തിരുന്നതും..

രണ്ടുമൂന്നു വർഷത്തോളം ഖത്തറിൽ പലയിടത്തും ജോലി ചെയ്ത് സ്ഥിരമായ ഒരു അഡ്രസ്സ് പോലും  ഉണ്ടാക്കാൻ കഴിയാതെയിരുന്ന അവനെ, ഡ്രൈവിംഗ് ലൈസൻസ് എടുക്കാനും, ഒരു വാൻ വാങ്ങാനും, ഇൻഡസ്ട്രിയൽ ഏരിയയിൽ  വിവിധതരം സാധനങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികളിലെ സെയിൽസ് ടീമിനെ പരിചയപ്പെടുത്തിക്കൊടുത്ത് അവിടെ നിന്നെല്ലാം സാധനങ്ങൾ വാങ്ങി ലൈനിൽ സപ്ലൈ ചെയ്യാൻ ഊർജ്ജം പകർന്നതും, അതിനുവേണ്ട മറ്റ് സഹായങ്ങൾ (സാമ്പത്തികം അല്ല) ചെയ്തതും ഞാനായിരുന്നു..  

അവൻ വളർന്നു. വീടായി, കാറായി, ജീവിത സൗകര്യങ്ങളായി..

ആ നന്ദിയും കടപ്പാടും അവനിൽ എപ്പോഴും ഉണ്ട്. ഞാൻ അതൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിൽ പോലും..

വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ അവൻ പറഞ്ഞു, അവന്റെ ഉമ്മയ്ക്ക്  ഹാർട്ട് സംബന്ധമായ ഒരു അസുഖത്തിന് നഗരത്തിലെ ഒരു പ്രശസ്ത ഹോസ്പിറ്റലിൽ  വെച്ച്  ജൂൺ ഒൻപതാം തീയതി ആറേഴ് ലക്ഷം രൂപ ചിലവ് വരുന്ന ഒരു ഓപ്പറേഷൻ വേണമെന്ന്. കൂടെ “എന്താണ് ഇക്കാന്റെ അവസ്ഥ?” എന്ന് ചോദിക്കുകയും ചെയ്തു..

ഒരിക്കൽ പോലും കാശ് ചോദിച്ചിട്ടില്ലാത്ത അവന്റെ  ആ ചോദ്യം കേട്ടപ്പോൾ ഒരു അമ്പതിനായിരം  രൂപയെങ്കിലും കൊടുക്കണം എന്ന് തീരുമാനിച്ച് ഞാൻ അവനോട്,”എനിക്ക് കഴിയുന്നത് ഒപ്പിച്ചു തരാം” എന്ന് പറ

മൂന്നാലു പേർ തരാമെന്ന് ഏറ്റതും എന്റെ കയ്യിൽ ഉള്ളതും ചേർത്ത് ഒരു 50000 രൂപയെങ്കിലും ഫായിസിന് കൊടുക്കാം എന്ന് കരുതിയിരിക്കുമ്പോൾ ആണ് ഗോപകുമാർ എന്നെ വിളിക്കുന്നത്..

ഗോപകുമാറിന് ഫായിസിനെ അറിയാം. ഞാൻ കൂടുതലും ഗോപകുമാറിനെ കാണാൻ പോയിരുന്നത് ഫായിസിന്റെ വാനിൽ ആയിരുന്നു. ഞാൻ ഫായിസിന് കടക്കാരൻ ആയത് ഗോപകുമാറിന് എനിക്ക് തരാനുള്ള കാശ്  തരാൻ കഴിയാത്തത് കൊണ്ടാണെന്നും ഗോപകുമാറിന് അറിയാം. 5 ലക്ഷം രൂപയോളം അവനും ഫായിസിന് കൊടുക്കാനുണ്ട്. തുടക്കം മുതലേ ഞങ്ങളുടെ സംസാരത്തിൽ ഫായിസ് കടന്നു വരാറുണ്ട്. ഞാൻ അവന്റെ വിശേഷങ്ങൾ പറയുന്നതിനിടയ്ക്ക് അവന്റെ ഉമ്മയുടെ ഓപ്പറേഷനെ പറ്റിയും ഞാൻ കൊടുക്കാൻ ഉള്ളതിൽ എന്തെങ്കിലും തരാൻ പറ്റുമോ എന്ന് ചോദിച്ചതിനെ പറ്റിയും ഗോപകുമാറിനോട് പറഞ്ഞു..

അൽ ജാബിർ എന്ന കമ്പനിയുടെ ഒരു  പ്രോജക്റ്റിന്റെ   ഒരു പോർഷന്റെ കോൺട്രാക്ട്   വർക്കിനുള്ള അഡ്വാൻസ് ചെക്കാണ് 2024 ജൂൺ പതിനാലാം തീയതി മാറാൻ തരത്തിൽ ഗോപകുമാറിന്  കിട്ടിയിരുന്നത്..

“അൽ ജാബിറിന്റെ ചെക്കാണ്. ബാങ്കിൽ കാശില്ലാതെ അത് ബൗൺസ് ആവുക ഒന്നുമില്ല. പതിനാലാം തീയതി ചെക്ക് മാറി ഞാൻ നിനക്ക് മൂന്നു ലക്ഷം രൂപ അയച്ചുതരും, നീ തൽക്കാലം ഫായിസിനോട് ഇതൊന്നും പറയണ്ട. ഒന്ന് ശരിയായിട്ട് ഞാൻ തന്നെ അവനെ വിളിച്ചോളാം”. ഇത് കേട്ട് കാശിനെ പറ്റി വീണ്ടും അവനോട് സംസാരിക്കേണ്ട കാര്യമുള്ളതായി എനിക്ക് തോന്നിയില്ല..

എന്റെ  ഒരു ബാല്യകാല സുഹൃത്തും എല്ലാ അർത്ഥത്തിലും നിഷ്കളങ്കനുമായ രതീഷിന്റെ അടുത്ത് അവന്റെ മകളുടെ കല്യാണത്തിന് സ്വർണ്ണം എടുക്കാൻ വേണ്ടി വെച്ചിരിക്കുന്ന കുറച്ച് പൈസ ഉണ്ട് എന്ന് എനിക്ക് നേരത്തെ അറിയാം..

ഉത്തരവാദിത്തപ്പെട്ടതോ അധികം കായിക ബലം ഉപയോഗിക്കേണ്ടതോ ആയ ജോലികളൊന്നും ചെയ്യാൻ കഴിയാതിരുന്ന, വല്ലപ്പോഴുമൊക്കെ ചെറിയചെറിയ ജോലികൾക്ക് പോയിരുന്ന  രതീഷും  വീട്ടുജോലിക്കും തൊഴിലുറപ്പിനും മറ്റും പോയിരുന്ന അവന്റെ ഭാര്യ സീനയും ഉറുമ്പ് ധാന്യമണികൾ ശേഖരിക്കുന്നത് പോലെ ശേഖരിച്ച് വെച്ച  കാശാണ് അത് എന്നും എനിക്ക് അറിയാം..

രതീഷിന്റെ വീട്ടുകാർക്ക് എന്നെ ബാല്യകാലം മുതലേ അറിയാം. എന്റെ നല്ല സമയങ്ങളിൽ ഞാൻ പലപ്പോഴും അവരെ സഹായിച്ചിട്ടുണ്ട്. ഈ കട തുടങ്ങിയതിനു ശേഷം  ലോൺ അടയ്ക്കാൻ വെച്ചതും മക്കൾക്ക് കോളേജ് ഫീസ് അടയ്ക്കാൻ വെച്ചതുമായ പൈസയിൽ നിന്ന്  3000വും അയ്യായിരവും പലതവണ ഞാൻ അവരോട് കടം വാങ്ങിയിട്ടുണ്ട്. അവർക്ക് ഞാൻ പ്രിയങ്കരനാണ്. രതീഷും സീനുവും കൂടുതലും ഒരുമിച്ചാണ് കടയിൽ വന്നിരുന്നത്. ഞാൻ അവരോട്  ആ കാശ് ചോദിച്ചു. അവർക്ക് തരുന്നതിൽ  സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും അച്ഛനോട് ഒന്ന് ചോദിക്കാൻ അവർ പറഞ്ഞു. ഞാൻ അന്ന് വൈകുന്നേരം രവിയേട്ടനെ (രതീഷിന്റെ അച്ഛൻ) കണ്ട് കാര്യങ്ങൾ സംസാരിച്ചു.  ജൂൺ 30 ആം തീയതി തിരിച്ചു കൊടുക്കാം എന്ന വ്യവസ്ഥയിൽ   എനിക്ക് അദ്ദേഹം ആ കാശ് തന്നു ..

ജൂൺ  എട്ടാം തീയതി ഫായിസിന് ഞാൻ 2 ലക്ഷം രൂപ കൊടുത്തു. നാലഞ്ച് വർഷങ്ങൾക്കു മുമ്പ് കൊടുക്കാനുള്ളതാണ്. ആ നിമിഷം വരെ തിരിച്ചു ചോദിച്ചിട്ടില്ലാത്ത അവന് ആ സമയത്ത് അത് കൊടുത്താൽ ഏറ്റവും ഉപകാരപ്രദമാകുമെന്ന് എനിക്ക് തോന്നി..

ഈയടുത്ത് റേഷൻ കാർഡ് ഉണ്ടാക്കിയപ്പോൾ അതിൽ എന്റെ പേര് ചേർക്കാൻ ഞാൻ അനുവദിച്ചിരുന്നില്ല. അതിന് പല കാരണങ്ങൾ ഉണ്ടെങ്കിലും, എല്ലായിടത്തും സാമ്പത്തികമായി (സമ്പത്ത് ആണല്ലോ ഒരാളുടെ വിജയം നിശ്ചയിക്കുന്നത്) ദയനീയമായി പരാജയപ്പെട്ട എനിക്ക് ഗവൺമെന്റിന്റെ പോലും ഒരു ഔദാര്യവും വേണ്ട എന്ന  എന്റെ ഉറച്ച നിലപാടുകൊണ്ടായിരുന്നു അത്. പല കഴിവുകൾ കൊണ്ടും അനുഗ്രഹീതനും ആരോഗ്യവാനുമായ എനിക്ക് ആ ആനുകൂല്യം പറ്റാൻ അർഹതയില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.. ( വിധി നാളെ എന്നെ അങ്ങോട്ട് ആണ് എത്തിക്കുന്നത് എങ്കിൽ ഞാനത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യും )..

ഞാൻ ചെയ്ത ഒരു ഉപകാരത്തിന് (പല ദിവസങ്ങൾ മെനക്കെട്ടിട്ട് ) പ്രത്യുപകരമായി എന്റെ ഒരു സുഹൃത്ത്  ഞാൻ കൊടുക്കാനുള്ള അമ്പതിനായിരം രൂപ വേണ്ട എന്ന് പറഞ്ഞപ്പോൾ “ഇത് ഒരു സുഹൃത്ത് എന്ന നിലയിൽ എന്റെ കടമയാണ്. നിനക്ക് തരാനുള്ളത് ഞാൻ തരിക തന്നെ ചെയ്യും” എന്നാണ് ഞാൻ പറഞ്ഞിരുന്നത്..

ഏതായാലും ഫായിസിന്റെ ഉമ്മയുടെ  ഓപ്പറേഷന് മുമ്പായി എനിക്ക് ആ കാശ് കൊടുക്കാൻ കഴിഞ്ഞു. ഞാനതിൽ അത്യധികം സന്തോഷിക്കുകയും ചെയ്തു.

ഒരു 75000 രൂപയോളം തിരുമറി ചെയ്ത് ഡ്യൂ ആയിരുന്ന മക്കളുടെ കോളേജ് ഫീസും എന്റെ മറ്റ് ചില ആവശ്യങ്ങളും ഞാൻ നിറവേറ്റുകയും ചെയ്തു..

ജൂൺ ഒന്നിനും മൂന്നിനും എട്ടിനും പത്തിനും 11നും 12നും 13നും 14 രാവിലെ വരെ ഞനും ഗോപകുമാറും പലതും സംസാരിച്ചു, വാട്സ്ആപ്പ്  ചാറ്റ് ചെയ്തു..

പതിനാലാം തീയതി ചെക്ക് മാറാൻ പോയ അവൻ പിന്നെ എന്നെ വിളിച്ചില്ല. അങ്ങോട്ട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഓഫും. അവന് ആ ചെക്ക് മാറാൻ കഴിഞ്ഞില്ലായെന്നും മറ്റൊരു ചെക്ക് കേസിൽ അവൻ വീണ്ടും  അറസ്റ്റിലായി എന്നും മറ്റു സുഹൃത്തുക്കൾ വഴി ഞാൻ മനസ്സിലാക്കി..

അപ്രതീക്ഷിതമായി ഒരു കോൾ വരിക, എനിക്ക് മൂന്ന് ലക്ഷം തരാമെന്ന് പറയുക, സുഹൃത്തിന്റെ ഉമ്മയ്ക്ക് ഓപ്പറേഷൻ വേണം എന്നറിയുക,  കല്യാണത്തിന് സ്വർണ്ണം എടുക്കാനുള്ള കാശ്  മറ്റൊരുത്തന്റെ അടുത്ത് ഉണ്ട് എന്ന് ഞാൻ അറിയുക, കല്യാണത്തിന് വെച്ച കാശ്  വാങ്ങി മറ്റൊരുത്തന് കൊടുക്കുക, എനിക്ക് തരാമെന്ന് പറഞ്ഞ കാശ് കിട്ടാതിരിക്കുക, ചില മൂന്നാംകിട സിനിമകളിൽ കാണുന്നത്  പോലെ കെട്ടിച്ചമച്ച്  ഉണ്ടാക്കിയ (fabricated ) ഒരു കഥ പോലെ തോന്നി  എനിക്ക് എന്റെ അപ്പോഴത്തെ ജീവിതം..

ആ കോള് വന്നിരുന്നില്ലെങ്കിൽ, ആ സുഹൃത്തിന്റെ അടുത്ത് കാശ് ഉള്ളത്  ഞാൻ അറിഞ്ഞിരുന്നില്ലെങ്കിൽ, ആ ഉമ്മയുടെ ഓപ്പറേഷൻ ഞാൻ അറിഞ്ഞിരുന്നില്ലെങ്കിൽ, ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചിരുന്നില്ലെങ്കിൽ എന്റെ ജീവിതം പഴയതുപോലെ സന്തോഷമായി പോകുമായിരുന്നു എന്ന് ഞാൻ ചിന്തിച്ചു പോയി..

ജൂൺ പതിനഞ്ചാം തീയതി മുതൽ, ഫായിസിന് കൊടുക്കാനുള്ള രണ്ട് ലക്ഷം രൂപയുടെ കടം വീട്ടിയെങ്കിലും  ഒരു അവധിയും (രണ്ടാഴ്ച) ഇല്ലാത്ത രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയോളം എനിക്ക്  കടബാധ്യതയായി..

അഞ്ചും എട്ടും പത്തും പതിനഞ്ചും വർഷങ്ങൾ ഗൾഫിൽ  ജോലി ചെയ്ത് 10 സെന്റ് സ്ഥലവും  അതിൽ വലിയൊരു വീടും വെച്ച്  കുടുംബത്തിന്റെ മറ്റെല്ലാ ചിലവുകളും നിർവഹിച്ച്  ജോലി അവസാനിപ്പിച്ച്  നാട്ടിൽ തിരിച്ചെത്തി ഉയർന്ന നിലവാരത്തിൽ ജീവിക്കുന്നവർക്ക് പോലും, പ്രവാസി ആയിരിക്കുമ്പോൾ  അമ്പതിനായിരവും ഒരു ലക്ഷവും ഒക്കെ കടം കൊടുത്തിരുന്നവർ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ നിൽക്കുന്നത് കൊണ്ട് ഒരു 10000 മോ ഇരുപതിനായിരമോ  പോലും കടം കൊടുക്കാൻ  മടി കാണിക്കും. “എങ്ങിനെ അവൻ തിരിച്ചു തരും” എന്ന വ്യഥയാണ് കാരണം..

അപ്പോൾ പിന്നെ എന്റെ അവസ്ഥ പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?..

ഒന്നും നേടാൻ ആവാതെ  ഉണ്ടായിരുന്ന സ്ഥലവും പണിതുകൊണ്ടിരുന്ന വീടും  നഷ്ടപ്പെടുത്തി ലക്ഷങ്ങളുടെ ബാധ്യതയുമായി  ചൂതാട്ടക്കാരനായി പ്രവാസം അവസാനിപ്പിച്ച  എന്റെ അവസ്ഥ  നിങ്ങൾക്ക് ഊഹിക്കാമല്ലോ?..

കാശ് കയ്യിലുണ്ടെങ്കിൽ തന്നെ ആരെങ്കിലും കടം തരുമോ?..

എന്ത് കാണിച്ചിട്ടായാലും മകളുടെ കല്യാണത്തിന് സ്വർണ്ണം എടുക്കാൻ വച്ച  ആ കാശ് എനിക്ക്  രണ്ടാഴ്ചക്കുള്ളിൽ തിരിച്ചു കൊടുത്തേ മതിയാകൂ..

അതുവരെ തുടർച്ചയായി എല്ലാ ദിവസവും ഓരോന്ന് കുത്തിക്കുറിച്ചിരുന്ന എനിക്ക് എഴുതാൻ പറ്റാതെയായി…

കണ്ടവരോടൊക്കെ ഞാൻ കടം ചോദിച്ചു..

ഒരാഴ്ചത്തേക്കും രണ്ടാഴ്ചത്തേക്കുമൊക്കെയായി പലരും 2000വും അയ്യായിരവും രണ്ടുപേർ പത്തായിരവും തരാമെന്ന് ഏറ്റു..

ഒന്നര ലക്ഷം രൂപയോളം വീണ്ടും വേണം..

അതിസമ്പന്നരായ സുഹൃത്തുക്കളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല..

അടുത്തത് വട്ടിപലിശക്കാർ..

നാട്ടിലുള്ള ഒരുത്തനോട് ഡെയിലി അടവിന് 42,500 വാങ്ങി. ദിവസവും 1250 രൂപ വെച്ച്  40 ദിവസം  കൊണ്ട് 50000 കൊടുക്കാം എന്ന തോതിൽ. ഒന്നര മാസത്തിന്  7500 രൂപ പലിശ. വനിതാ ബാങ്കിൽ നിന്ന് ( മറ്റൊരാളുടെ കെയറോഫിൽ ) 21250  വാങ്ങി 75 ദിവസം കൊണ്ട്  25000 അടയ്ക്കണം. ഒരു അണ്ണനോട് മുപ്പതിനായിരം വാങ്ങി  രണ്ടര മാസം കൊണ്ട് 36000 അടക്കാം എന്ന വ്യവസ്ഥയിൽ. വീട്ടിൽ ആകെയുണ്ടായിരുന്ന സ്വർണ്ണം, ഭാര്യയുടെ കമ്മൽ, 18000 രൂപയ്ക്ക് പണയം വച്ചു. ചുറ്റുവട്ടത്തുമുള്ള കടക്കാരോടും ഓട്ടോറിക്ഷ ജീവനക്കാരോടും മറ്റ് ചിലരോടും ഒരു ദിവസത്തേക്കും രണ്ടുദിവസത്തേക്കും ഒരാഴ്ചത്തേക്കും അവധി പറഞ്ഞ് അഞ്ഞൂറും ആയിരവും 2000വും 5000വും വീതം വാങ്ങി..

എങ്ങനെയൊക്കെയോ  ഒരു വിധത്തിൽ സ്വർണ്ണം എടുക്കാൻ വെച്ച ആ രണ്ട് ലക്ഷം രൂപ  ഞാൻ രതീഷിന് തിരിച്ച്  കൊടുത്തു..

അവസ്ഥകൾ  എന്നെ ഭീതിപ്പെടുത്തിയിരുന്നെങ്കിലും, “ഇതിലും വലുത് ചാടിക്കടന്നവനാണ് ഈ കെ കെ ജോസഫ്” എന്ന എന്റെ ആത്മവിശ്വാസവും, 2000, 2500 രൂപയോളം ഒരു ദിവസം വരുമാനം ഉണ്ടായിരുന്നതുകൊണ്ടും അതൊക്കെ എളുപ്പത്തിൽ അതിജീവിക്കാൻ കഴിയും എന്ന് ഞാൻ കരുതി..

പക്ഷേ..

കൈപ്പേറിയതും ഭയാനകവുമായ മറ്റ് ചില പരീക്ഷണങ്ങൾ കൂടി എനിക്കുവേണ്ടി കാത്തിരിപ്പുണ്ടെന്ന് ഞാനപ്പോൾ സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല….

                                                   തുടരും…

ഇത് എന്റെ കഥയാണ്. ഇത് ആരെയും ഒരു നിമിഷം പോലും വേദനിപ്പിക്കരുത് എന്ന  നിർബന്ധവും  എനിക്കുണ്ട്. അല്ലെങ്കിലും എന്റെ നാശങ്ങൾക്കെല്ലാം കാരണം ഞാൻ തന്നെയാണല്ലോ?. ഇതിൽ പ്രത്യക്ഷപ്പെടുന്ന ഓരോ കഥാപാത്രവും അവർ ആരാണെന്ന് മറ്റാരും മനസ്സിലാക്കരുത് എന്ന് നിർബന്ധമുള്ളത് കൊണ്ട് അവരുടെയെല്ലാം ഐഡന്റിറ്റി പൂർണ്ണമായും മാറ്റിയാണ് കൊടുത്തിരിക്കുന്നത്. വായനക്കാരുടെ ആസ്വാദനത്തിനായി  കുറച്ച് ഭാവനയും ചേർത്തിട്ടുണ്ട്. പലരോടുമുള്ള ഒരു ക്ഷമാപണം കൂടിയാണ് ഈ കുറിപ്പ്)..
                                                           
                                                             നന്ദി..

Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com