
ഫോണിലെ സിം കാർഡ് ഊരി മാറ്റിയാൽ ഇനി വാട്സാപ്പും ടെലിഗ്രാമും പോലെയുള്ള മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല. ഫെബ്രുവരി 28നകം ഇത് നടപ്പാക്കാണമെന്ന് കേന്ദ്ര ടെലികോം വകുപ്പ് കമ്പനികളോട് ഉത്തരവിട്ടു. നിലവിൽ വാട്സാപ് പോലെയുള്ള ആപ്പുകളിൽ റജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണെങ്കിലും തുടർന്ന് ഉപയോഗിക്കാൻ അതേ സിം ആവശ്യമില്ല. ഇതു തട്ടിപ്പുകൾക്കും കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നുണ്ട്.സിം ഉപേക്ഷിച്ച ശേഷം വൈഫൈയിൽ ക്രിമിനലുകൾ ആപ് പ്രവർത്തിപ്പിക്കുന്നു. സിം ഇല്ലാത്തതിനാൽ ഇങ്ങനെ ചെയ്യുന്ന കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുക എളുപ്പമല്ല. സിം ഡീആക്ടിവേറ്റ് ചെയ്യുകയോ മാറ്റിയിടുകയോ ചെയ്ത ശേഷവും വാട്സാപ് ഉപയോഗിക്കാൻ കഴിയും. വിദേശത്തുനിന്നടക്കം ഇതു ദുരുപയോഗം ചെയ്യാനുള്ള സാധ്യതയേറെയാണ്.
സിം കാർഡ് ഇല്ലെങ്കിൽ ആപ് ഉപയോഗിക്കാൻ കഴിയാത്ത തരത്തിലേക്ക് സാങ്കേതിക സംവിധാനം മാറ്റണമെന്നാണ് നിർദേശം. സിം ഫോണിൽ നിന്ന് മാറിയാൽ ആപ് പ്രവർത്തനം നിലയ്ക്കണം. യുപിഐ, ബാങ്ക് ആപ്പുകൾ ഈ രീതിയുള്ളവയാണ്. ഉദാഹരണത്തിൽ ഫോണിൽ റജിസ്റ്റേഡ് സിം ഇല്ലെങ്കിൽ ഗൂഗിൾ പേ വഴി ഇടപാട് നടത്താനാകില്ല. വാട്സാപ്, ടെലിഗ്രാം എന്നിവയ്ക്കു പുറമേ അറട്ടൈ, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, ജോഷ് എന്നീ പ്ലാറ്റ്ഫോമുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. സിം ബൈൻഡിങ് സംവിധാനം വേണമെന്നത് സ്വകാര്യ ടെലികോം കമ്പനികളുടെ കൂട്ടായ്മയായ സെല്ലുലർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (സിഒഎഐ) ദീർഘകാലമായുള്ള ആവശ്യമായിരുന്നു.
കേന്ദ്ര നിര്‍ദ്ദേശം ഇങ്ങനെ
നിലവില്‍ മെസേജിംഗ് ആപ്പുകളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഒ.ടി.പി വഴി സിം കാര്‍ഡ് പരിശോധന നടത്തുന്നത്. അതിന് ശേഷം സിം കാര്‍ഡ് ഊരിമാറ്റിയാലും ഇത്തരം ആപ്പുകളുടെ സേവനം ഉപയോഗിക്കാം. എന്നാല്‍ സിം കാര്‍ഡ് പരിശോധന ഇടക്കിടക്ക് നടത്താനുള്ള സംവിധാനം 90 ദിവസത്തിനുള്ളില്‍ ഏര്‍പ്പെടുത്താനാണ് മെസേജിംഗ് ആപ്പുകള്‍ക്ക് കേന്ദ്ര ടെലികോം മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാങ്കേതിക പരമായി ഇതിനെ സിം ബൈന്‍ഡിംഗ് എന്നാണ് വിളിക്കുന്നത്. ഇനി മുതല്‍ ഒ.ടി.പിക്ക് പുറമെ സിം കാര്‍ഡുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഐ.എം.എസ്.ഐ (ഇന്റര്‍നാഷണല്‍ സബ്‌സ്‌ക്രൈബര്‍ ഐഡന്റിറ്റി) നമ്പര്‍ കൂടി ഇത്തരം ആപ്പുകള്‍ പരിശോധിക്കും
എന്തൊക്കെ മാറും
രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച സിം കാര്‍ഡ് ഡിവൈസിലുണ്ടെന്ന് മെസേജിംഗ് ആപ്പുകള്‍ക്ക് നിരന്തരം പരിശോധിക്കേണ്ടി വരും.
സിം ഊരി മാറ്റുകയോ മറ്റൊരെണ്ണം ഇടുകയോ കാലാവധി കഴിയുകയോ ചെയ്താല്‍ ആപ്പുകള്‍ പ്രവര്‍ത്തനം നിറുത്തും.
വാട്‌സ്ആപ്പ് വെബ്ബ് പോലുള്ള സേവനങ്ങള്‍ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ടാകും. ക്യൂആര്‍ കോഡ് വഴി ഓരോ തവണയും റീ രജിസ്റ്റര്‍ ചെയ്യേണ്ടി വരും
90 ദിവസത്തിനുള്ളില്‍ ഈ മാറ്റങ്ങള്‍ നടപ്പിലാക്കണം. നാല് മാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണം
എങ്ങനെ ബാധിക്കും
കേന്ദ്ര നിര്‍ദ്ദേശം വാട്സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുമെന്ന ആശങ്കയാണ് ടെക് വിദഗ്ധര്‍ പങ്കുവെക്കുന്നത്. ഒരു വാട്സ്ആപ്പ് തന്നെ മൊബൈല്‍ ഫോണിലും ടാബ്ലെറ്റിലും ഉപയോഗിക്കുന്നവര്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാര്‍ക്ക് തടസം നേരിട്ടേക്കാം. വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നതിലും പ്രശ്നങ്ങളുണ്ടാകും. ഓരോ ആറ് മണിക്കൂറിലും വാട്‌സ്ആപ്പ് വെബ് ലോഗ് ഔട്ടാവും. ഇതും പല ഉപയോക്താക്കള്‍ക്കും തടസമുണ്ടാക്കും. ഇന്ത്യക്ക് പുറത്തേക്ക് പോകേണ്ടി വന്നാലും വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ നാട്ടിലെ സിം നിലനിറുത്തേണ്ടി വരും.
ബിസിനസുകളെയും ബാധിക്കും
തീരുമാനം ബിസിനസുകളെയും ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. വാട്‌സ്ആപ്പ് പോലുള്ള ആപ്പുകള്‍ വഴി ഓഡിയോ വീഡിയോ ആശയ വിനിമയം നടത്തുന്നത് ഇടക്കുവെച്ച് മുറിഞ്ഞേക്കും. ഇടക്കിടക്ക് വാട്‌സ്ആപ്പ് വെബ് ലോഗ്ഔട്ട് ആകുന്നത് സംരംഭകര്‍ ശ്രദ്ധിക്കാതിരിക്കാന്‍ സാധ്യതയുണ്ട്. ഇത് നിര്‍ണായകമായ പല അറിയിപ്പുകളും ആശയവിനിമയങ്ങളും നഷ്ടപ്പെടുത്താന്‍ ഇടയാക്കും. ഇത്തരം ആപ്പുകളുടെ വിശ്വാസ്യത കുറക്കാനും തീരുമാനം വഴിവെക്കും. വാട്‌സ്ആപ്പ് വെബ്, ടെസ്‌ക് ടോപ്പ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന സംരംഭകര്‍ക്കും തീരുമാനം തിരിച്ചടിയാണ്. കൃത്യമായ ഇടവേളകളില്‍ ഇവ ലോഗ്ഔട്ട് ആകുന്നതോടെ ഓരോ തവണയും ലോഗിന്‍ ചെയ്യേണ്ടി വരും. ഇന്‍വോയിസുകളും ഒ.ടി.പികളും വാട്‌സ്ആപ്പ് മുഖേന അയക്കേണ്ടി വരുന്ന സംരംഭകരെയും തീരുമാനം ബാധിച്ചേക്കും



