LOCAL NEWSNews

വാതില്‍പ്പടി സേവനം; വേറിട്ട മാതൃക തീര്‍ത്ത് കൊടിയത്തൂര്‍ പഞ്ചായത്ത്

വാതില്‍പ്പടി സേവനത്തില്‍ വേറിട്ട മാതൃക തീര്‍ത്ത് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ പരിധിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ വിജയിച്ച മുഴുവന്‍ ഭിന്നശേഷികാര്‍ക്കും പദ്ധതിയുടെ ഭാഗമായി ഉപഹാരങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്തിന്റെ നേതൃത്വത്തിലാണ് ഉപഹാരം കൈമാറിയത്. പദ്ധതിയാരംഭിച്ച് രണ്ട് മാസത്തിനകം തന്നെ നിരവധി പേര്‍ക്ക് പെന്‍ഷന്‍ എത്തിക്കാനും ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും നിത്യരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മരുന്നുകളും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാക്കാന്‍ സാധിച്ചതായി പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ക്ക് വേണ്ടിയുള്ള മാസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷ പെന്‍ഷന്‍ അപേക്ഷകള്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍ തുടങ്ങിയവ വാതില്‍പ്പടി സേവനത്തില്‍ ഉറപ്പാക്കുന്നുണ്ട്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും കൃത്യമായ നെറ്റ്വര്‍ക്ക് സൃഷ്ടിച്ച് തിരഞ്ഞെടുത്ത സന്നദ്ധ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ ഓരോ വീടുകളിലും സേവനങ്ങള്‍ ലഭ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തിഗത സേവനങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ ബ്രോഷര്‍, ലാപ്ടോപ് ഉള്‍പ്പെടെയുള്ള സാമഗ്രികളുമായി ഓരോ വാര്‍ഡുകളിലും സജ്ജീകരിച്ച സ്‌ക്വാഡുകള്‍ വീടുകളിലെത്തി അര്‍ഹരെ കണ്ടെത്തി അവിടെ വെച്ച് തന്നെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുകയാണ് ചെയ്യുന്നത്.  

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ എം.ടി റിയാസ്, ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com