തിരുവമ്പാടി എസ്റ്റേറ്റിലെ സമരം നിയമവിരുദ്ധം; സർക്കാർ ഇടപെടണമെന്ന് മാനേജ്മെൻ്റ്

തൊഴിലാളികളുടെ ആവശ്യം അടിസ്ഥാനരഹിതം
മുക്കം: തിരുവമ്പാടി റബർ എസ്റ്റേറ്റിൽ കഴിഞ്ഞ മൂന്നാഴ്ചയോളമായി നടന്നുവരുന്ന അനിശ്ചിതകാല തൊഴിലാളി സമരം നിയമവിരുദ്ധവും അടിസ്ഥാന രഹിതമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ളതുമാണെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ട്രേഡ് യൂനിയനുകളുമായി ചർച്ച ചെയ്ത് ആവശ്യമുള്ളവർക്ക് അധിക വേതനം നൽകി ഞായറാഴ്ച ടാപ്പിങ് ചെയ്യാമെന്ന് കരാറുണ്ടാക്കുകയും യൂനിയനുകളുടെ അഭ്യർഥന പരിഗണിച്ച് 28ഓളം അർഹരായ ജീവനക്കാരെ സ്ഥാപനത്തിൽ സ്ഥിരപ്പെടുത്തുകയും ചെയ്തതാണ്. രണ്ടുമാസം ഞായറാഴ്ച ടാപ്പിങ് നടക്കുകയും മുഴുവൻ ജീവനക്കാരും ഞായറാഴ്ച ടാപ്പിങ്ങിന് സന്നദ്ധരാവുകയും ചെയ്തു.
മാനേജരെ മാറ്റുന്നതുവരെ സമരം: തിരുവമ്പാടി എസ്റ്റേറ്റ് ട്രേഡ് യൂണിയന് നേതാക്കൾ Click https://entethiruvambady.com/?p=4847
ഇതോടെ ചില സ്ഥാപിത താൽപര്യക്കാർ ഞായറാഴ്ചകളിൽ പോലും തൊഴിലാളികളെ ജോലിയെടുപ്പിക്കുകയാണെന്ന് ആരോപിച്ച് നിയമ വിരുദ്ധമായി അടിസ്ഥാന രഹിതമായ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തുകയായിരുന്നു. ജോലിക്ക് സന്നദ്ധരായവരെ ബലപ്രയോഗത്തിലൂടെ തടയുകയും ചെയ്തു. ജോലിക്ക് വന്നവരെ സംരക്ഷിക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സംരക്ഷണ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
കോടതി ഉത്തരവ് ലംഘിച്ചതിനാണ് മുക്കം, തിരുവമ്പാടി, കോടഞ്ചേരി പൊലിസ് സ്റ്റേഷനുകളിൽ ഏഴോളം കേസുകൾ രജിസ്റ്റർ ചെയ്തത്. ഇത് പിൻവലിക്കുമെന്ന് മാനേജ്മെൻ്റ് ഉറപ്പ് നൽകിയതാണ്. ഒത്തുതീർപ്പിച്ച് ചർച്ചയിൽ ഞായറാഴ്ച ടാപ്പിങ് ഒഴികെയുള്ള ആവശ്യങ്ങൾ പരിഹരിക്കപ്പെടുകയും ഉന്നയിക്കപ്പെടാത്ത ഞായറാഴ്ച ടാപ്പിങ് കോടതിയുടെ പരിഗണക്കായി അയക്കുകയും ചെയ്തു.
മാനേജ്മെൻ്റിനെതിരായി കള്ളപ്രചാരണങ്ങൾ നടത്തി ആരംഭിച്ച സമരത്തിന് കാരണമായി ഉന്നയിച്ചിരിക്കുന്ന ആവശ്യം നിലവിലുള്ള ഒരു തൊഴിൽ തർക്ക നിയമത്തിന്റെയും പരിധിയിൽ പെടാത്തതാണ്. തൊഴിലാളികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചാണ് ചിലരുടെ താൽപര്യ പ്രകാരം സമരം നടക്കുന്നത്.
ജീവനക്കാരുടെ 2022 ജൂലൈ മാസം വരെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകിയിട്ടുള്ളതാണ്. ബോണസ് അഡ്വാൻസായി ഓരോരുത്തർക്കും 4,000 രൂപ വീതവും അർഹതപ്പെട്ടവർക്ക് ഉത്സവ അഡ്വാൻസായി 2,500 രൂപ വീതവും അധികമായി നൽകിയിട്ടുണ്ട്. യൂനിയൻ നേതാക്കൾക്കെതിരെ കള്ള കേസുകൾ കൊടുക്കുന്നുവെന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. യൂനിയനുകളും തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകൾ മാനേജ്മെൻ്റ് ലംഘിച്ചിട്ടില്ല. തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചതായും സമരം തീർക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ സീനിയർ മാനേജർ സിബിച്ചൻ ചാക്കോ, അസി. മാനേജർ സി. അനിൽകുമാർ, സീനിയർ അക്കൗണ്ട് ഓഫിസർ ആർ. സദാനന്ദൻ, തോമസ് കെ. കുര്യൻ പങ്കെടുത്തു.



