കൂടരഞ്ഞി – പൂവാറൻതോട് – കക്കാടംപൊയിൽ റോഡ് നവീകരണത്തിന് നടപടികൾ, വർഷങ്ങളായുള്ള നാട്ടുകാരുടെ സ്വപ്നത്തിന് പ്രതീക്ഷയേറുന്നു.

കൂടരഞ്ഞി : വർഷങ്ങളായി നാട്ടുകാർ കാത്തിരിക്കുന്ന കൂടരഞ്ഞി – പൂവാറൻതോട്– നായാടംപൊയിൽ– കക്കാടംപൊയിൽ റോഡ് നവീകരണത്തിന് നടപടികൾ ആരംഭിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ സി.കെ. കാസിമിന്റെ നിർദേശപ്രകാരം സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ആവശ്യമായ റിപ്പോർട്ട് തയ്യാറാക്കുന്നതിന് അധികൃതർ സ്ഥലപരിശോധന നടത്തി.
റോഡ് നവീകരണം യാഥാർഥ്യമായാൽ കൂടരഞ്ഞിയിൽനിന്ന് കക്കാടംപൊയിലിലേക്കുള്ള യാത്രാദൂരം കുറയുന്നതിനൊപ്പം മേഖലയിലെ ഗതാഗത സൗകര്യവും മെച്ചപ്പെടും. കൂടരഞ്ഞി, പൂവാറൻതോട്, നായാടംപൊയിൽ, കക്കാടംപൊയിൽ പ്രദേശങ്ങളുടെ ടൂറിസം, കാർഷിക, വ്യാപാര മേഖലകളുടെ വികസനത്തിനും പദ്ധതി വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.
പൂവാറൻതോട് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിലെ ജനങ്ങൾക്ക് കക്കാടംപൊയിലിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനും റോഡ് പ്രയോജനപ്പെടും. ഇതോടൊപ്പം പൂവാറൻതോടിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രകൃതിഭംഗിയും കാർഷിക ജീവിതവും അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാര പ്രവർത്തനങ്ങൾ വികസിപ്പിക്കാനും അവസരമൊരുങ്ങും.
കൊടുവള്ളി എൻ.എച്ച്. റോഡ്സ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ സലീമിന്റെ നേതൃത്വത്തിലായിരുന്നു സ്ഥലപരിശോധന. യു.ഡി.എഫ്. കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി കൺവീനർ അഡ്വ. സിബു തോട്ടത്തിൽ, രാമചന്ദ്രൻ വാൽക്കണ്ടത്തിൽ, അനിരുദ്ധൻ, ഫ്രാൻസീസ് പേപ്പതി, ഷാജി പെരിക്കോണിൽ, ജയിംസ് മംഗലത്തിൽ, ഓവർസിയർമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.



