MUKKAMNews

തിരുവമ്പാടി എസ്റ്റേറ്റ് അനിശ്ചിതകാലസമരം രണ്ടാംമാസത്തിലേക്ക്

തിരുവമ്പാടി : തിരുവമ്പാടി റബർഎസ്റ്റേറ്റിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാലപണിമുടക്ക് സമരം ഒരുമാസം പിന്നിടുന്നു. തൊഴിലാളികളുടെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതായി ആരോപിച്ച് ഓഗസ്റ്റ് അഞ്ചുമുതൽ അഞ്ഞൂറോളം തൊഴിലാളികൾ പണിമുടക്കിലാണ്.

ഒട്ടേറെത്തവണ ജില്ലാ ലേബർ കമ്മിഷണറുടെ സാന്നിധ്യത്തിൽ അനുരഞ്ജനചർച്ചകൾ നടന്നെങ്കിലും എല്ലാം അലസിപ്പിരിയുകയാണുണ്ടായത്.ആരോപണവിധേയനായ മാനേജരുമായി ചർച്ചകൾക്കില്ലെന്നും കമ്പനിപ്രതിനിധികളായി ഡയറക്ടർമാരെ പങ്കെടുപ്പിച്ചാലേ ചർച്ചയ്ക്കുള്ളൂവെന്നുമുള്ള ശക്തമായ നിലപാട് ട്രേഡ് യൂണിയനുകൾ കൈക്കൊണ്ടതാണ് യോഗങ്ങളെല്ലാം തീരുമാനമാകാതെ പിരിയാൻ കാരണം.

ലിന്റോ ജോസഫ് എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്ന് തൊഴിൽമന്ത്രി വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്. ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ അടുത്തയാഴ്ച വീണ്ടും ചർച്ചയ്ക്ക് നീക്കംനടക്കുന്നതായറിയുന്നു. സമരം രണ്ടാംമാസത്തിലേക്ക് കടന്നതോടെ തൊഴിലാളികൾ കടുത്ത വറുതിയിലേക്ക് നീങ്ങുകയാണ്. നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുമ്പോഴും പണിമുടക്കിൽനിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് സമരമുറകൾ ശക്തമാക്കുകയാണ് തൊഴിലാളികൾ.റിലേ സത്യാഗ്രഹസമരം പത്തുനാൾ പിന്നിട്ടുസർവതൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ബഹുജനമാർച്ച്, ഉപരോധം തുടങ്ങിയ ഒട്ടേറെ സമരങ്ങളാണ് ഇതിനകം നടന്നത്. റിലേ സത്യാഗ്രഹസമരം പത്തുനാൾ പിന്നിട്ടു.കാലവർഷം തുടരുന്നതിനാൽ മറ്റു ജോലികളൊന്നുമില്ലാതെ കഷ്ടപ്പെടുകയാണ് നാനൂറിൽപ്പരംവരുന്ന തൊഴിലാളികളും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങളും. തൊഴിലാളികൾക്കിടയിൽ മാനേജ്മെന്റ് അനുകൂലികളായ എതാനുംപേർ ഉണ്ടെങ്കിലും സമരക്കാരെ ഭയന്ന് ഇവരും പണിമുടക്കുസമരത്തിലാണ്.

ഇതോടെ മാസത്തിലേറെയായി എസ്റ്റേറ്റ് പ്രവർത്തനം പൂർണമായി സ്തംഭിച്ചിരിക്കുകയാണ്. തൊഴിലാളികുടുംബങ്ങളെ സഹായിക്കാൻ സമരസഹായസമിതി രൂപവത്കരിച്ച് നാട്ടുകാർ രംഗത്തുണ്ട്.ചൊവ്വാഴ്ച ഓണക്കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. കുടുംബങ്ങൾ പട്ടിണിയായതോടെ ആക്രിശേഖരിച്ചും മറ്റും പണം സ്വരൂപിക്കുകയാണ് തൊഴിലാളികൾ. പണിമുടക്കുദിനങ്ങൾ കൂടുന്തോറും സമരപ്പന്തൽ കൂടുതൽ സജീവമാകുകയാണ്. വിവിധ പ്രസ്ഥാനങ്ങളുടെ ജില്ലാ, സംസ്ഥാന നേതാക്കളാണ് നിത്യേന സമരപ്പന്തൽ സന്ദർശിക്കുന്നത്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളോട് കണ്ണടയ്ക്കുന്ന മാനേജ്‌മെന്റ് നിലപാടിനെതിരേ സമരം കടുപ്പിക്കാനാണ് തീരുമാനമെന്ന് സമരസഹായസമിതി ചെയർമാൻ ജില്ലാപഞ്ചായത്തംഗം ബോസ് ജേക്കബ്ബ് പറഞ്ഞു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com