
കൂടരഞ്ഞി: സഫലമായ വിദ്യാദാനത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിദ്യ സ്വീകരിച്ച് അത് നൂറുമടങ്ങായി സമൂഹത്തിന് പകർന്നു നൽകിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ അധ്യാപകരുടെ സംഗമം- സംസ്മൃതി – സംഘടിപ്പിച്ചു.
മുൻ ഹെഡ്മാസ്റ്റർ എം ടി തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. റോയ് തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും സൂപ്രണ്ട് ഓഫ് പോലീസ് ജോസി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അവാർഡ് ജേതാക്കളുമായ പുരുഷോത്തമൻ മാസ്റ്റർ, സോമനാഥൻ മാസ്റ്റർ, KT ത്രേസ്യ ടീച്ചർ എന്നിവർക്ക് ഉപഹാര സമർപ്പണം നടത്തി. മൺമറഞ്ഞുപോയ മാനേജർമാരെയും അധ്യാപകരെയും സ്വപ്ന മാത്യു അനുസ്മരിച്ചു.
വിദ്യാർത്ഥികൾ ആയിരുന്നപ്പോൾ ഉള്ള തങ്ങളുടെ മധുരസ്മരണകൾ അധ്യാപകർ പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ്, വിഎസ് രവീന്ദ്രൻ, ജോസ് തോമസ് മാവറ, ഡോ. സെബാസ്റ്റ്യൻ വള്ളിയാംപൊയ്കയിൽ, സണ്ണി പെരികിലംതറപ്പേൽ എന്നിവർ സംസാരിച്ചു. പങ്കെടുത്ത അധ്യാപകർക്കെല്ലാം ഉപഹാരങ്ങൾ നൽകി.



