
കോഴിക്കോട്: ‘ഇളയനില പൊഴികിറത് ഇദയംവരെ നനയ്‌കിറത്’ വർഷങ്ങൾക്കുമുമ്പ് എസ്.പി. ബാലസുബ്രമണ്യം തിരൂരിൽവെച്ച് നടന്ന സംഗീതപരിപാടിയിൽ തകർത്ത് പാടുകയായിരുന്നു. പാട്ടിനുശേഷം സദസ്സിൽനിന്ന് ഹർഷാരവം. നിണ്ട കൈയടി കേട്ട് എസ്.പി. പറഞ്ഞു. ‘എനിക്കല്ല, കൈയടിക്കേണ്ടത് ഇതിന് അർഹൻ ഇന്ത ഗിറ്റാറിസ്റ്റ് ജോയിയാണ്’. ജോയി വിൻസൻറ് എന്ന ഫറോക്ക് -ചെറുവണ്ണൂർ സ്വദേശിയായ ഗിറ്റാർ മാന്ത്രികനെ എസ്.പി.യെന്ന അതുല്യ പാട്ടുകാരൻ പ്രശംസിച്ചത് അങ്ങനെയായിരുന്നു.
മരണംവരെ ജോയിക്ക് ഗിറ്റാർ സംഗീതം ഇടനെഞ്ചിലെ തുടിപ്പായിരുന്നു. ചെറുവണ്ണൂരിലെ സംഗീത കുടുംബത്തിൽ ജനനം. പിതാവ് എസ്.പി. വിൻസൻറ് എക്വോർഡിനിസ്റ്റായിരുന്നു. നാലു മക്കളിൽ ഇളയവനായ ജോയിക്ക് പ്രണയം ഗിറ്റാറിനോടായിരുന്നു. മറ്റ് സഹോദരൻമാരായ പോൾ വിജയനും, ഡേവിഡ് ബാബുവും ഗിറ്റാറിസ്റ്റകളാണ്.
15-ാമത്തെ വയസ്സിൽ കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഹൈസ്കൂളിൽ പഠിക്കുന്ന സമയം ഗാനമേളയ്ക്ക് ഗിറ്റാർ വായിച്ചായിരുന്നു ജോയിയുടെ തുടക്കം. 16-ാമത്തെ വയസ്സിൽ എസ്. ജാനകിയുടെ സ്റ്റേജ് പരിപാടിക്കും ഗിറ്റാർ വായിച്ചു. പിന്നീട് സിനിമാമോഹവുമായി മദ്രാസിലേക്ക്. അഞ്ചു വർഷക്കാലം അവിടെ താമസിച്ചു. അവിടെവെച്ചാണ് സിനിമ്യൂസിക് യൂണിയനിൽ അംഗത്വമെടുക്കുന്നത്. 40-ഓളം സിനിമകളുടെ പാട്ടുകൾക്ക് ഗിറ്റാർ വായിച്ചു. വി.എം. കുട്ടിയുടെ ട്രൂപ്പിൽ നാലുവർഷം പ്രവർത്തിച്ചു. അതേ ട്രൂപ്പിലെ ഗായികയായിരുന്ന ഇന്ദിരയെ പിന്നീട് ജീവിതസഖിയാക്കി. എസ്.പി., യേശുദാസ്, സുജാത എന്നിവർക്കൊപ്പം ബ്രിട്ടനിലെ ആർബർട്ട് ഹാളിലും സിഡ്നിയിലെ ഒപേറാഹൗസിലും പരിപാടികൾ നടത്തിയിട്ടുണ്ട്. ഒട്ടേറെ ആൽബങ്ങൾക്കും സംഗീതം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അമ്പതാംവാർഷികത്തിൽ അന്നത്തെ രാഷ്‌ട്രപതി കെ.ആർ. നാരായണന്റെ സന്ദർശനസംഘത്തിലെ സാംസ്കാരികവിഭാഗത്തിൽ കേരളത്തിൽനിന്നുള്ള രണ്ടുപേരിൽ ജോയിയും കീബോർഡ് ആർട്ടിസ്റ്റ് ഹരിദാസനുമായിരുന്നു ഉണ്ടായിരുന്നത്. രണ്ടുവർഷംമുമ്പാണ് കരൾരോഗം പിടിപെട്ടത്.
എന്നാൽ വേദനയ്ക്കിടയിലും രണ്ടുമാസംമുമ്പ് നടന്ന സംഗീത പരിപാടിയിലും ഗിറ്റാർ വായിച്ചു. ജോയിയുടെ ഗിറ്റാർ ഇനി മൂകമാണെങ്കിലും ജോയി പകർന്നുനൽകിയ ഗാനങ്ങൾ ഇനിയും മുഴങ്ങും



