KERALA NEWSNews

വിദ്യാർഥികൾ ഓർക്കും കോടിയേരിയെ എസ്.പി.സി.യിലൂടെ

സ്റ്റുഡന്റ് പോലീസ് കാഡറ്റ് പദ്ധതിക്ക് രൂപം നൽകിയ ആഭ്യന്തരമന്ത്രി എന്നനിലയിൽ വിദ്യാഭ്യാസമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചാണ് കോടിയേരി ബാലകൃഷ്ണൻ വിടപറഞ്ഞത്. 2010 ഓഗസ്റ്റ് രണ്ടിന് 127 സ്കൂളുകളിൽ തുടക്കംകുറിച്ച പദ്ധതി ഇന്ന് 12,500 വിദ്യാലയങ്ങളിലായി പത്തുലക്ഷത്തിലധികം വിദ്യാർഥികൾ അടങ്ങുന്ന വിപുലമായ സാമൂഹികസേവന പ്രസ്ഥാനമായി വളർന്നുകഴിഞ്ഞു. രാജസ്ഥാനും ഗുജറാത്തും ഹരിയാണയുമൊക്കെ എസ്.പി.സി. പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്.

കുട്ടികളിൽ അച്ചടക്കവും അർപ്പണബോധവും സാമൂഹികസേവന സന്നദ്ധതയും വളർത്താൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് എസ്.പി.സി. ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും പുറമേ ഗതാഗത, വനം, എക്സൈസ്, തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയും പദ്ധതിക്കുണ്ട്. എസ്.പി.സി. പരിശീലനം കുട്ടികൾക്ക് നൽകുന്ന ആത്മബലം ചെറുതല്ലെന്ന് വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി. ഓഫീസർ കെ. റിനീഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.

ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് എസ്.പി.സി. രംഗത്തിറങ്ങിയിട്ടുണ്ട്. സന്നദ്ധസേവന പ്രവർത്തനങ്ങളുടെ വേറിട്ടൊരു പാതയിലേക്ക് വിദ്യാർഥികളെ നയിക്കാൻ എസ്.പി.സി.ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും ഇതിന് തുടക്കമിട്ട ഭാവനാസമ്പന്നനായ ഭരണാധികാരിയെന്ന നിലയിൽ കോടിയേരി ബാലകൃഷ്ണൻ എക്കാലവും ഓർമിക്കപ്പെടുമെന്നും റിട്ട. അധ്യാപകനും കെ.പി.എസ്. ടി. എ. സംസ്ഥാന നേതാവുമായിരുന്ന എലിയാറ ആനന്ദൻ പറഞ്ഞു.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com