
കൊടിയത്തൂർ;പരിസ്ഥിതി സംരക്ഷണവും ജൈവ വൈവിധ്യവും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മുഴുവൻ വീടുകളിലും ഫലവൃക്ഷതൈകളും ഔഷധസസ്യങ്ങളും വെച്ചുപിടിപ്പിക്കാനൊരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് വളപ്പിൽ ഒരുക്കിയ വൃക്ഷതൈകളാണ് വീടുകൾ തോറും വിതരണം ചെയ്യുക. ഇതിന്റെ ആദ്യഘട്ടമായി 4000 തൈകൾ വിതരണം ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ട വിതരണത്താനായി 10000 തൈകളാണ് തയ്യാറാക്കിയിട്ടുള്ളത്.
തൈകളുടെ നടീലും പരിപാലനവും പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നടത്തിയത്. കൃഷി വകുപ്പ്, വിവിധ ക്ലബുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെ ആവശ്യക്കാർക്ക് തൈകൾ എത്തിച്ചു നൽകും. കൂടാതെ, റോഡരികുകളിലും തൈകൾ വെച്ച് പിടിപ്പിക്കും. രണ്ടാം ഘട്ടത്തിൽ നെല്ലി, ആര്യവേപ്പ്, ലക്ഷ്മി തരു, കണിക്കൊന്ന, മാതളം, മാവ്, പ്ലാവ്, ചെറുനാരങ്ങ, കറിവേപ്പില എന്നിവയാണ് വിതരണം ചെയ്യുക. പഞ്ചായത്തിൽ ജൈവവൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യവും പദ്ധതിയുടെ ഭാഗമായുണ്ട്. ഹരിത കർമ്മ സേനയെ ഉപയോഗപ്പെടുത്തി പഞ്ചായത്തിലെ പച്ചതുരുത്ത് നിർമാണത്തിനും പദ്ധതി ആവിഷ്ക്കരിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പറഞ്ഞു.



