
കൂടരഞ്ഞി:നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ, സംസ്ഥാന ഐ.ടി.മിഷൻ്റെ സാങ്കേതിക സഹായത്തോടെ കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായുള്ള നീർച്ചാൽ മാപ്പിംഗ് – മാപ്പത്തോണിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ജില്ലയിലെ മാപ്പത്തോൺ കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിൽ പ്രവർത്തനം ആരംഭിച്ചു.
പശ്ചിമഘട്ട പ്രദേശങ്ങളിൽ ഉൾപ്പെടുന്ന 230 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ നീർച്ചാൽ ശൃംഖല ശാസ്ത്രീയമായി കണ്ടെത്തി വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് മാപ്പത്തോൺ. ഐ.ടി. മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന മാപ്പത്തോൺ പ്രക്രിയയിലുൾപ്പെടുത്തി ഉപഗ്രഹ ചിത്രങ്ങളുടേയും നേരിട്ടുള്ള സന്ദർശനത്തിലൂടെയും ഡോണുകളുടെ സഹായത്തോടെയും നീർച്ചാൽ ശൃംഖല പൂർണ്ണമായി കണ്ടെത്തി മാപ്പ് ചെയ്താണ് ഈ പ്രവർത്തനം നടത്തുന്നത്.
ജില്ലയിലെ പശ്ചിമഘട്ട മലനിരകൾ ഉൾക്കൊള്ളുന്ന 14 പഞ്ചായത്തുകളിലാണ് നീർച്ചാലുകളുടെ മാപ്പിംഗ് നടത്തുന്നത്. കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മരുതോങ്കര, കാവിലുംപാറ, കായക്കൊടി, നരിപ്പറ്റ, വാണിമേൽ, വളയം, ചെക്യാട് തുടങ്ങിയ 14 മലയോര പഞ്ചായത്തുകളിലാണ് ഈ മാപ്പിംഗ് നടക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലും നേതൃത്വത്തിലുമാണ് ഈ പ്രവർത്തനങ്ങൾ നടത്താൻ ലക്ഷ്യമിട്ടിട്ടുള്ളത്. നീർച്ചാൽ ശൃംഖല കണ്ടെത്തി അടയാളപ്പെടുത്തുന്ന ആദ്യഘട്ട പ്രവർത്തനത്തിന് (മാപ്പത്തോൺ) റീബിൽഡ് കേരളം പദ്ധതിയുടെ സാമ്പത്തിക സഹായവും സംസ്ഥാന ഐ.ടി. മിഷന്റെ സാങ്കേതിക പിന്തുണയും ഹരിതകേരളം മിഷന്റെ ഏകോപനവും ഉണ്ടാകും.
നീർച്ചാൽ വീണ്ടെടുക്കൽ പ്രവർത്തനങ്ങൾ നടക്കുന്ന രണ്ടാംഘട്ടം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടേയും ഹരിതകേരളം മിഷന്റെയും സഹായത്തോടെ ജനകീയ പിന്തുണകൂടി ഉറപ്പുവരുത്തി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പശ്ചിമഘട്ട പ്രദേശത്തുനിന്ന് ജനങ്ങളെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനു പകരം പശ്ചിമഘട്ട പ്രദേശത്തെ സുരക്ഷിത ജീവിതം സാധ്യമാകുന്ന പ്രദേശമായി മാറ്റിയെടുക്കാൻ ലക്ഷ്യമിട്ടാണ് മാപ്പിംഗ് നടത്തുന്നത്.
മാപ്പത്തോൺ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്ന നവകേരളം കർമ്മപദ്ധതി കോട്ടയം ജില്ലാ ടീമിലെ ശരത്ചന്ദ്രൻ, പാർവ്വതി എസ് കുറുപ്പ്, സാങ്കേതിക പിന്തുണ നൽകുന്ന ഐ.ടി മിഷൻ പ്രതിനിധികളായ ശ്രീലക്ഷ്മി ബി.ജി, സി.ബിനോയി, നവകേരളം കർമ്മപദ്ധതി കോഴിക്കോട് ടീമിലെ റിസോഴ്സ് പേഴ്സൺമാർ, ഇൻ്റേൺഷിപ്പ് പ്രോഗ്രാം പ്രവർത്തകർ ഉൾപ്പെട്ട ടീമാണ് മാപ്പിംഗ് നടത്തുന്നത്.
പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ പ്രകാശ്.പി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം സീന ബിജു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസഫ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അജിത്ത് പി.എസ്, നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ ഡോണ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.



