
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന വിവിധ സേവനങ്ങളുടെ കൃത്യമായ വിവരങ്ങളും പഞ്ചായത്തിൽ സമ്പൂർണ്ണ ജലവിതണം ലക്ഷ്യമിടുന്ന’ജല ജീവൻ മിഷൻ’ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഹൃസ്വ വീഡിയോകളും അടങ്ങുന്ന പത്ത് ചതുരശ്ര അടി വിസ്തീർണ്ണമുള്ള റണ്ണിംഗ് എൽ.ഇ.ഡി.ഡിസ്പ്ലേ ബോർഡ് പഞ്ചായത്ത് ഓഫീസിൽ സ്ഥാപിച്ചു.പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ലിസി അബ്രഹാം ,രാമചന്ദ്രൻ കരിമ്പിൽ, അസിസ്റ്റന്റ് സെക്രട്ടറി മനോജ്, ജൂനിയർ സെക്രട്ടറി രഞ്ജിനി,ജല ജീവൻ മിഷൻ പഞ്ചായത്ത് ടീം ലീഡർ റെനി സാബു എന്നിവർ പങ്കെടുത്തു .ജല ജീവൻ മിഷൻ അനുവദിച്ച ഡിസ്പ്ലേ ബോർഡിൽ പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന സർക്കാറിന്റെ വിവിധ പദ്ധതികളുടെ വിവരങ്ങളും ജനോപകാരപ്രദമായ ലഘു വീഡിയോളും നിരവധി പേർക്ക് കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കാൻ കഴിയുന്നതാണ്.ജല ജീവൻ മിഷന്റെ പ്രവർത്തനങ്ങൾ തിരുവമ്പാടി പഞ്ചായത്തിൽ പുരോഗമിക്കുകയാണ്.കേന്ദ്ര-കേരള സർക്കാറുകളുടേയും ഗ്രാമപഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ആവശ്യക്കാർക്ക് മുഴുവൻ ശുദ്ധജലം പൈപ്പ് ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ജല ജീവൻ മിഷൻ.കേന്ദ്ര-സംസ്ഥാന-പഞ്ചായത്ത് ഭരണകൂടങ്ങളുടെ 90 ശതമാനം സബ്സിഡിയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ജല ജീവൻ മിഷൻ പദ്ധതി വഴി മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും എ പി എൽ-ബി പി എൽ വ്യത്യാസമില്ലാതെ പത്ത് ശതമാനം ഗുണഭോക്തൃവിഹിതം അടച്ച് കണക്ഷൻ എടുക്കാവുന്നതാണ്.കേന്ദ്രസർക്കാർ 50 ശതമാനം വിഹിതവും സംസ്ഥാന സർക്കാർ 25 ശതമാനം വിഹിതവും ഗ്രാമപഞ്ചായത്ത് 15 ശതമാനം വിഹിതവുമുൾപ്പടെ 90 ശതമാനം ഗവൺമെൻറ് സബ്സിഡിയും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമായാണ് നിശ്ചയിച്ചത്.മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കുമുള്ള പദ്ധതിയായതിനാൽ അപേക്ഷിക്കുന്ന എല്ലാവർക്കും മുൻഗണനാ ക്രമമനുസരിച്ച് വാട്ടർ കണക്ഷൻ ലഭിക്കും.ഈ പദ്ധതിയുടെ ഉടമസ്ഥതയും ഉത്തരവാദിത്വവും ഗ്രാമപഞ്ചായത്തിനും ഗുണഭോക്തൃ സമിതികൾക്കുമായിരിക്കും.പദ്ധതിയുടെ നോഡൽ ഏജൻസി കേരള വാട്ടർ അതോറിറ്റിയാണ്.തിരുവമ്പാടിയിലെ നിർവ്വഹണ സഹായ ഏജൻസിയായി സി.ഒ.ഡി.താമരശ്ശേരിയെ നിയോഗിച്ചിട്ടുണ്ട്.



