LOCAL NEWS

പോലീസ് സ്റ്റേഷനുകളിൽ വാഹനങ്ങൾ നശിക്കുന്നു : കൂട്ടിയിട്ടത് രണ്ടായിരം വാഹനങ്ങൾ

കോഴിക്കോട്: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽപ്പെട്ട് കസ്റ്റഡിയിലെടുത്ത് കൂട്ടിയിട്ടിരിക്കുന്നത് 2000-ത്തോളം വാഹനങ്ങൾ. പിടികൂടിയ വാഹനങ്ങളിൽ മിക്കതും ലഹരിവസ്തുക്കൾ കടത്തുകയും അപകടം സംഭവിക്കുകയും വിവിധ കുറ്റകൃത്യങ്ങളിൽപെട്ടവയും ഉപേക്ഷിക്കപ്പെട്ടവയുമാണ്. ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കോടികൾ വിലവരുന്ന ആഡംബര കാറുകളും ലക്ഷങ്ങൾ വിലവരുന്ന ബൈക്കുകളുമുണ്ട്.

ഇവയെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്.പോലീസ് സ്റ്റേഷനുകളിലെ വാഹനങ്ങൾക്ക് പുറമെ ജില്ലയിലെ മോട്ടോർവാഹനവകുപ്പ് ഓഫീസുകളിലായി 200-ലധികം വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. കോഴിക്കോട്ട് പിടികൂടുന്ന വാഹനങ്ങൾ ചേവായൂർ ടെസ്റ്റിങ് ഗ്രൗണ്ടിലാണ് നിർത്തിയിട്ടിരിക്കുന്നത്.പല വാഹനങ്ങളും രേഖകളില്ലാത്തതിനെത്തുടർന്നും അപകടം വരുത്തിവെച്ചതിനെത്തുടർന്നുമാണ് പിടികൂടിയിട്ടുള്ളത്. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷന്റെ വളപ്പിനുള്ളിൽ 25 ഇരുചക്രവാഹനങ്ങളാണുള്ളത്. ഇത് വാഹനാഭ്യാസം നടത്തുകയും മോഷണമടക്കമുള്ള കുറ്റകൃത്യങ്ങളിൽപെട്ടവയുമാണ്.മിക്ക പോലീസ് സ്റ്റേഷന്റെയും മുൻഭാഗത്തടക്കം ആളുകൾക്ക് നിൽക്കാൻപോലും സാധിക്കാത്ത തരത്തിൽ പിടികൂടിയ വാഹനങ്ങൾ കൂട്ടിയിട്ടിരിക്കയാണ്. സ്റ്റേഷന്റെ വളപ്പിൽ വാഹനം നിർത്തിയിടാൻ സാധിക്കാതെവരുമ്പോൾ സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്ഥലത്ത് നിർത്തിയിടുകയാണ്‌ ചെയ്യുന്നത്

ചൂട് കൂടിവരുന്ന സമയമായതിനാൽ ഇങ്ങനെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് തീപിടിക്കാൻ സാധ്യതയുണ്ട്. കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പലതും കോടതിയുടെ നടപടികൾ കഴിഞ്ഞ് ലേലം ചെയ്യാൻ സാധിക്കുന്ന വാഹനങ്ങളാണ്. ലേലം ചെയ്യുന്നതിന് നിരവധി നടപടിക്രമങ്ങൾ ഉള്ളതിനാൽ ഉദ്യോഗസ്ഥർ അതിന് തയ്യാറാകുന്നില്ലെന്നാണ് പറയുന്നത്.

വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ 50-ഓളം ഇരുചക്രവാഹനങ്ങളും 20-ഓളം മറ്റുള്ള വാഹനങ്ങളും നടപടിക്രമങ്ങൾ തീരുന്നതും കാത്തിരിക്കുകയാണ്. ഡിവൈ.എസ്.പി. ഓഫീസ്, പോലീസ് ക്വാർട്ടേഴ്‌സ് എന്നിവയ്ക്ക് സമീപം 25-ഓളം വാഹനങ്ങളുണ്ട്. എട്ട് മിനിലോറികൾ മാത്രം ഇവിടെയുണ്ട്. ഇതെല്ലാം പൂഴി കടത്തുമ്പോൾ പിടിച്ചതാണ്. പ്രമാദമായ ടൈക്കൂൺ സാമ്പത്തികത്തട്ടിപ്പ് കേസിൽ പിടികൂടിയ ആഡംബരവാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്.ചോമ്പാല പോലീസ് സ്റ്റേഷനിൽ പിടികൂടുന്ന വാഹനങ്ങൾ കുഞ്ഞിപ്പള്ളി മേൽപ്പാലത്തിന്റെ അടിവശത്താണ് നിർത്തിയിട്ടിരിക്കുന്നത്. 50-ഓളം വാഹനങ്ങൾ ഇവിടെയുണ്ട്.നാദാപുരം സ്റ്റേഷൻ പരിസരത്തും പുറത്തുമായി അമ്പതോളം വാഹനങ്ങളുണ്ട്.സ്വന്തമായി കെട്ടിടമില്ലാത്ത പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലും പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലും പിടികൂടിയ വാഹനങ്ങൾ നിർത്തിയിട്ടത് റോഡരികിലും സ്വകാര്യപറമ്പുകളിലുമാണ്. ഇവിടങ്ങളിൽ 100-ലധികം വാഹനങ്ങൾ ഇങ്ങനെയിട്ടിട്ടുണ്ട്. മുക്കം പോലീസ് സ്റ്റേഷൻ പരിസരത്തും മാവൂരിലുമായി 100 വീതം വാഹനങ്ങളുമുണ്ട്.മെഡിക്കൽ കോളേജിൽ 62 വാഹനങ്ങളും ഫറോക്ക് പോലീസ് സ്റ്റേഷനിൽ 227 വാഹനങ്ങളും കൂട്ടിയിട്ടിരിക്കയാണ്. ഫറോക്കിൽ വാഹനങ്ങൾക്ക് മുകളിലേക്ക് മറ്റുവാഹനങ്ങൾ കയറ്റിവെച്ചിരിക്കയാണ്.ഇവിടെയാണ് മണൽക്കടത്തുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ടിപ്പർ ലോറികൾ പിടിച്ചിട്ടിട്ടുള്ളത്. നൂറിലേറെ വാഹനങ്ങൾ ബാലുശ്ശേരി സ്റ്റേഷൻവളപ്പിലും കാലങ്ങളായി കിടക്കുന്നുണ്ട്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com