
ചേരാനല്ലൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടന്നു.
വരാപ്പുഴ തിരുമുപ്പത്തെ വീട്ടിലും വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമ,സാമൂഹ്യ, രാഷ്ട്രീയ രംഗത്തുനിന്നുൾപ്പെടെ നിരവധി പേരാണ് എത്തിയത്.രാവിലെ എട്ടു മണിയോടെയാണ് സുബിയുടെ മൃതദേഹം തിരുമുപ്പത്തെ വീട്ടിൽ വീട്ടിലെത്തിച്ചത്. രണ്ടു മണിക്കൂറോളം മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചു.
തുടർന്ന് വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലും പ്രിയപ്പെട്ടവർക്ക് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കി. ഹാസ്യ കലാരംഗത്ത് നിന്നും സിനിമ മേഖലയിൽ നിന്നുമടക്കം നിരവധി പേർ സുബിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. രമേശ് പിഷാരടി, ധർമ്മജൻ സാജു കൊടിയൻ തുടങ്ങി കലാരംഗത്ത് തുടക്കകാലം തൊട്ടേ സുബിക്ക് ഒപ്പം ഉണ്ടായിരുന്ന നിരവധി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് വിട നൽകാനെത്തിയത്.
സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിന്നുള്ളവരും ആദരാഞ്ജലി അർപ്പിച്ചു ഹൈബി ഈഡൻ എംപി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരും പുത്തൻപള്ളി ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു.പൊതുദർശനം പൂർത്തിയാക്കി മൂന്നു മണിയോടെ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചേരാനെല്ലൂർ ശ്മശാനത്തിലേക്ക് മാറ്റി. തുടർന്ന് കലാ കേരളം പ്രിയപ്പെട്ട കലാകാരിക്ക് കണ്ണീരോടെ വിട നൽകി.കരൾ രോഗബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം. കരൾ മാറ്റിവയ്ക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ 9.30 ഓടെ മരണം സംഭവിച്ചത്.



