
കോഴിക്കോട് : ബംഗാൾസ്വദേശി സാബക്കി(30)ന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ. തമിഴ്നാട് സ്വദേശി അർജു(29)നെയാണ് വെള്ളിയാഴ്ച ടൗൺ പോലീസ് അറസ്റ്റുചെയ്തത്. ടൗൺ എസ്.െഎ. സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ടൗൺ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായ ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി.
പുഷ്പ ജങ്‌ഷനിലെ തുണിക്കടയിൽ ജോലിചെയ്തിരുന്ന സാബക്കിനെ 12-ന് തിങ്കളാഴ്ച രാവിലെയാണ് ആനിഹാൾ റോഡിലെ പ്ളാസ്റ്റിക് കുപ്പി നിർമാണസ്ഥാപനത്തിന്റെ ഗോഡൗൺ പ്രവർത്തിക്കുന്ന പറമ്പിൽ മരിച്ചനിലയിൽ കാണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.സ്വവർഗാനുരാഗിയായ സാബക്ക് പ്രതിയായ അർജുനുമായി ഞായറാഴ്ചരാത്രിയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും ആനിഹാൾ റോഡിലെ പറമ്പിലെത്തി. അവിടെവെച്ച് അർജുൻ സാബക്കിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം പേഴ്സുമായി കടന്നുകളയുകയായിരുന്നു. സാബക്കുമായി അവസാനം സംസാരിച്ചത് അർജുനാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഫോൺകോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി മനസ്സിലായതിനെത്തുടർന്ന് പോലീസ് സംഘം പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു



