
മൂക്കം:ഇരുവഴിഞ്ഞി പുഴയുടെ കക്കാട് പൂളാംപാറ ചീപ്പാൻകുഴി ഭാഗത്ത് വെച്ച് കഴിഞ്ഞ ദിവസം ഉച്ചസമയത്ത് കുളിക്കുന്നതിനിടെയാണ് കാലിന്റെ വിരലിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കടിയേറ്റത്.
അഹമ്മദ് നജാദ്.ടി,അസൽ.പി,അൽസാബിത്ത്.പി സുഹൃത്തുക്കളായ മൂവരും കൊടിയത്തൂർ പി.ടി.എം ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ്.
കടിയേറ്റ ഉടനെ കൊടിയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിശോധനക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പ്രഥമ ഡോസ് ഇൻജക്ഷൻ സ്വീകരിച്ചു.
കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നൂറോളം പേർക്കാണ് ഇരുവഴിഞ്ഞിപുഴയിൽ നിന്ന് നീർനായ ആക്രമണം ഉണ്ടായത് കുളിക്കാനും അലക്കാനും പുഴയെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ ഭയം കാരണം പുഴയിലേക്കുള്ള വരവ് കുറഞ്ഞിട്ടുണ്ട്.
നീന്തൽ പരിശീലിച്ചിരുന്ന യുവാക്കൾക്കും മീൻ പിടിച്ച് ഉപജീവനം നടത്തുന്നവർക്കും നീർനായ പ്രയാസമുണ്ടാക്കുന്നുണ്ട്.
വന്യ ജീവിയായ ഇവയെ പ്രതിരോധിക്കാൻ പൊതുജനത്തിന് നിയമപരമായ പ്രതിസന്ധിയുണ്ട്. അധികൃതർ ഇടപെട്ട് നീർ നായ പ്രശ്നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തി ജനങ്ങൾക്ക് പുഴയിലേക്ക് തിരിച്ചു വരാൻ അവസരമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



