
തിരുവമ്പാടി: മലവെള്ളപ്പാച്ചിലിൽ വെണ്ണായിപ്പിള്ളിൽ ജോസഫ് മരിച്ച സ്രാമ്പി തോട്ടിൽ 34 വർഷം മുൻപ് ഒഴുക്കിൽപ്പെട്ട സലോമി നാട്ടുകാർക്ക് ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ. 1988 ജൂൺ 2ന് ഉണ്ടായ ഉരുൾപൊട്ടലിലാണു കാട്ടുപറമ്പിൽ സലോമി (19) സ്രാമ്പി തോട്ടിലൂടെ ഒഴുകിപ്പോയത്. പെരുമ്പൂളയിലെ വീട്ടിൽനിന്നു കുളിരാമുട്ടിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു സലോമി. ആടിനുതീറ്റ ശേഖരിക്കാൻ തോടിനു മറുകര എത്തിയപ്പോഴാണു വലിയ മഴയും ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായത്

ഒപ്പമുള്ള 2 പേർ തോടു കടന്നെങ്കിലും സലോമി തോട് മുറിച്ചുകടക്കുമ്പോൾ ഉരുൾപൊട്ടലിനെ തുടർന്നുള്ള മലവെള്ളപ്പാച്ചിൽ അകപ്പെട്ടു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ദിവസങ്ങൾക്കു ശേഷം സലോമിയുടെ ഒരു കൈപ്പത്തി മാത്രമാണു ലഭിച്ചത്.
അതിനുശേഷമാണ് അന്നത്തെ നടപ്പുവഴിക്കു സലോമി റോഡ് എന്നു പേരിട്ടത്. പിന്നീട് ഇത് റോഡായി നവീകരിച്ചു. തോടിന്റെ ഭാഗത്ത് പാറയുടെ മുകളിൽ സിമന്റ് ഇട്ടു നിരപ്പാക്കിയാണു ഗതാഗത സൗകര്യം ഒരുക്കിയത്.
സ്രാമ്പി തോടിനു പാലം പണിയണമെന്ന ആവശ്യം അന്നു ശക്തമായിരുന്നു. എന്നാൽ വാഗ്ദാനങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ കുത്തിയൊലിച്ചു പോയി. സ്വന്തം കൃഷിസ്ഥലത്തേക്ക് സ്കൂട്ടറിൽ രാവിലെ പോകുമ്പോഴാണു ജോസഫ് മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടത്. രാവിലെ മുതൽ മലയോര മേഖലയിൽ കനത്ത മഴയായിരുന്നു.
തോട് നിറയെ കല്ലും കഴിയുമായതിനാൽ വീണാൽ രക്ഷപ്പെടാൻ വിഷമം ആണ്. ഇനിയെങ്കിലും സ്രാമ്പി തോട്ടിൽ പാലം നിർമിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.



