ENTERTAINMENT

സിദ്ധീഖ് എഴുതുന്നു.എന്റെ ഭ്രാന്തൻ ചിന്തകൾ…

ചിന്തിക്കുക പ്രവർത്തിക്കുക.. നൂറ് വയസ്സോളം പ്രായമുണ്ടായിരുന്ന എന്റെ ഉപ്പയുടെ ഉമ്മയുടെ ഉപ്പ ഞാൻ മൂന്നാം ക്ലാസിലോ നാലാം ക്ലാസിലോ പഠിക്കുമ്പോഴാണ് മരിച്ചത്.. എന്റെ ഉപ്പൂപ്പയുടെ മക്കളെല്ലാം മലപ്പുറത്ത് നിന്ന് തിരുവമ്പാടി ഭാഗത്തേക്ക് കുടിയേറിയവരാണ്.. നാലോ അഞ്ചോ ആൺകുട്ടികളും മൂന്നോ നാലോ പെൺകുട്ടികളും ഉണ്ടായിരുന്ന ഉപ്പൂപ്പയുടെ മക്കളിൽ ഒന്നോ രണ്ടോ പേര് ഒഴികെ ബാക്കിയെല്ലാവരും തിരുവമ്പാടിയിൽ പല കച്ചവടവും നടത്തുകയായിരുന്നു.. എന്റെ വല്യാപ്പയും വല്യമ്മയും ( ഉപ്പയുടെ ഉമ്മയും ഉപ്പയും) അക്കൂട്ടത്തിൽ അവരോടൊപ്പം തിരുവമ്പാടിയിലേക്ക് വന്നിരുന്നു.. അക്ഷരാഭ്യാസം തീരെയില്ലാത്ത അവരെല്ലാം തിരുവമ്പാടി അങ്ങാടിയിൽ പലയിടത്തായി ഇറച്ചിക്കച്ചവടവും മീൻ കച്ചവടവും പലചരക്ക് കച്ചവടവും നടത്തി..

ഉപ്പുപ്പയുടെ ആൺമക്കളേക്കൾ മിടുക്കനായിരുന്നു മരുമകനായ എന്റെ വല്യുപ്പ.. എന്റെ വല്യമ്മയെയും എന്റെ ഉപ്പയടക്കം ആറു മക്കളെയും അനാഥരാക്കി എന്റെ ഉപ്പയുടെ പന്ത്രണ്ടാം വയസ്സിൽ എന്റെ വല്യുപ്പ മരിച്ചുപോയി.. ബുദ്ധിമുട്ടിയും കഷ്ടപ്പെട്ടും ജീവിതത്തെ അതിജീവിച്ച് എന്റെ വല്യമ്മ പെൺകുട്ടികളെയൊക്കെ കെട്ടിച്ച് വിട്ട് എന്റെ ഉപ്പയും ഉപ്പയുടെ അനിയനും വിവാഹം കഴിച്ച് താമസിക്കുന്ന സമയത്താണ്, അതുവരെ മലപ്പുറത്ത് സ്ഥിരസാമസമായിരുന്ന വല്യമ്മയുടെ ഉപ്പ തിരുവമ്പാടിയിൽ എന്റെ വീട്ടിലേക്ക് താമസിക്കാനായി വരുന്നത്.. എന്റെ വല്യമ്മയുടെ ആങ്ങളമാരെല്ലാം അപ്പോഴേക്കും തിരുവമ്പാടിയിലെ പേര് കേട്ട പണക്കാരായിരുന്നു.. ഉപ്പുപ്പയുടെ ഏറ്റവും ദരിദ്രയായ എന്റെ വല്യമ്മയുടെ കൂടെയാണ് അദ്ദേഹം താമസിക്കുന്നതെന്ന് അദ്ദേഹം മക്കളോട് പറഞ്ഞു..ഭാര്യ നേരത്തെ മരിച്ചുപോയ അദ്ദേഹത്തിന് എൻപത് എൺപതിയഞ്ച് വയസ്സോളം പ്രായമുണ്ട്..കൂടുതൽ നിൽക്കാനോ നടക്കാനോ കഴിയാത്ത അദ്ദേഹത്തിന് വാർദ്ധക്യ സഹജമായ പല അസുഖങ്ങളുമുണ്ട്.. അവരുടെ മക്കൾക്കൊക്കെ ഉപ്പുപ്പയോട് സ്നേഹമുണ്ടായിരുന്നതിനാൽ എല്ലാ ദിവസങ്ങളിലും ഏതെങ്കിലും മക്കളോ പേരക്കുട്ടികളോ അദ്ദേഹത്തിന് തിന്നാനും കുടിക്കാനും മറ്റെന്തെങ്കിലും വേണമെങ്കിൽ അതും കൊണ്ട് എന്റെ വീട്ടിൽ വരും.. എന്റെ വല്യമ്മയും വല്യമ്മയുടെ ആങ്ങളമാരും അവരുടെ മക്കളും പേരക്കുട്ടികളും തനി മലപ്പുറം ഭാഷയിൽ സംസാരിക്കുന്നത് കേട്ടുകൊണ്ടാണ് ഞാൻ വളർന്നത്..മൂന്നാം ക്ലാസ് വരെ ശരിക്ക് കുളിക്കുകയോ പല്ല് തേക്കുകയോ ചെയ്യാതെ തോന്നിയപോലെ സ്കൂളിലും മദ്രസിലും പോയിരുന്ന ഞാൻ മൂന്നാം ക്ലാസിൽ ഒരു വർഷം തോറ്റ് നാലാം ക്ലാസിലെത്തിയപ്പോൾ അവിടെ എനിക്ക് ഒരു സുഹൃത്തിനെ കിട്ടി..പേര്, ജിന്റോഷ്,

ഞങ്ങൾ ഒരേ ബെഞ്ചിൽ അടുത്തടുത്തായിരുന്നു ഇരുന്നിരുന്നത്.. അവന്റെ ആ സൗഹൃദം എന്റെ ജീവിതത്തിലെ പല മാറ്റങ്ങൾക്കും കാരണമായിട്ടുണ്ട്.. അവന്റെ ആ സൗഹൃദത്തിൽ നിന്നാണ് ഞാൻ മനസ്സിലാക്കുന്നത് “ഞാൻ സംസാരിക്കുന്ന ഭാഷയല്ല യഥാർത്ഥ മലയാളം എന്നും കോട്ടയത്ത് നിന്നും മറ്റും കുടിയേറിയ ക്രിസ്ത്യാനികളും മറ്റും സംസാരിക്കുന്ന ഭാഷയാണ് യഥാർത്ഥ മലയാളം എന്നതും..ഞാനും അവര് സംസാരിക്കുന്നത് പോലെ സംസാരിക്കാൻ ശീലിച്ചു തുടങ്ങി..”ഇജ്ജെങ്ങട്ടാ?, നീ എങ്ങോട്ടാ?, അന്റെ പേരെത്താ?, നിന്റെ പേര് എന്താ?, അന്റെ കുടിയെവുടെ?, “നിന്റെ വീട് എവിടെ?” ഇങ്ങനെ പലതും എനിക്ക് ഒന്നാം ക്ലാസിൽ അക്ഷരമാല പഠിക്കുന്നതുപോലെ പഠിക്കണമായിരുന്നു.. വലിയ ഭാരം ചുമക്കുകയോന്നും വേണ്ടല്ലോ?, ഞാൻ വെറുതെ ശ്രമിച്ചു.. ഇങ്ങള് ഇജ്ജ് അന്റെ ഇങ്ങളുടെ ഒക്കെ മാറി നിങ്ങൾ നീ നിന്റെ നിങ്ങളുടെ എന്നൊക്കെ പറയാൻ ആയപ്പോഴേക്കും ഞാനതിൽ പകുതി വിജയിച്ചിരുന്നു.. ഒമ്പതാം ക്ലാസ്സിലും പത്താം ക്ലാസിലുമൊക്കെ എത്തിയപ്പോഴേക്കും ഞാനും എല്ലാ രീതിയിലും അവർ സംസാരിക്കുന്നത് പോലെ സംസാരിക്കാൻ വശമാക്കിയിരുന്നു..

ഇന്നത്തെ പോലെ എല്ലാ രീതിയിലുള്ള ഭാഷയും പരസ്പരം കൂടിച്ചേർന്നിരുന്നില്ല. ഓരോ രീതിയിലുള്ള ഭാഷയും കറുപ്പും വെളുപ്പും എന്നപോലെ തിരിച്ചറിയുമായിരുന്നു.. ഞാൻ എന്റെ വീട്ടിലും സുഹൃത്തുക്കളുടെ ഇടയിലും അവര് എന്നോട് സംസാരിക്കുന്നത് പോലെ സംസാരിക്കാൻ ശീലിച്ചു.. രണ്ട് രീതിയിലും സംസാരിക്കാൻ അറിയുന്നത് കൊണ്ട് എനിക്കത് വലിയ ബുദ്ധിമുട്ടായി തോന്നിയതുമില്ല..ആ കാലത്ത് കോട്ടയത്ത് ജനിച്ചു വളർന്ന വർഗീസും മലപ്പുറത്ത് ജനിച്ചു വളർന്ന കോയയും പരസ്പരം സംസാരിക്കാൻ നിന്നാൽ സമയം പോകുക എന്നല്ലാതെ പരസ്പരം ഒന്നും മനസ്സിലാകില്ല.. ഞാനെന്റെ വീട്ടിൽ കോട്ടയം ഭാഷ സംസാരിച്ചാൽ എങ്ങനെയിരിക്കും?.. ഒരു ദിവസം പത്താം ക്ലാസിൽ പഠിക്കുന്ന ഞാൻ സ്കൂൾ വിട്ടു വരുന്ന വഴിക്ക് എന്റെ ഉപ്പയുടെ സഹോദരി ഭർത്താവിനെ കണ്ടു.. ജീവിതത്തിലൊരിക്കലും “നീ, നിന്റെ നിങ്ങളുടെ” എന്നൊന്നും ഉപയോഗിക്കാതെ ” ഇജ്ജ് ഇങ്ങള് അന്റെ” എന്ന് മാത്രം സംസാരിച്ച് ശീലിച്ച അദ്ദേഹം എന്നോട് എന്തോ ചോദിച്ചത് ഞാൻ വ്യക്തമായി കേട്ടില്ല. ഞാൻ അദ്ദേഹത്തോട് ചോദിച്ചു. “നിങ്ങൾ എന്നതാ പറഞ്ഞത്?”, എന്ന്.. “ങ്ങളെന്താ പറഞ്ഞത്?” എന്ന് ചോദിക്കേണ്ടയിടത്ത് ഞാൻ “നിങ്ങൾ എന്നതാ പറഞ്ഞത്” എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന് അദ്ദേഹത്തെ പരിഹസിക്കുന്നതായി തോന്നി..

അദ്ദേഹത്തിന്റെ മുഖഭാവവും ശരീരഭാഷയും കണ്ട് എനിക്കെന്തോ ജാള്യത തോന്നി.. എന്നെ ഒരു മകനെപ്പോലെ സ്നേഹിച്ചിരുന്ന അദ്ദേഹം അദ്ദേഹത്തിന്റെ വീട്ടിൽ പോയി എന്റെ പുത്തൻ മൊഴി വീട്ടിലുള്ളവരോടെല്ലാം പറഞ്ഞു.. അവരെല്ലാം അത് കേട്ട് ചിരിക്കുകയും ചെയ്തു.. അപ്പോൾ അവിടെയുണ്ടായിരുന്ന എന്റെ സമപ്രായക്കാരനും മച്ചിനിയനും കൂട്ടുകാരനുമായ അദ്ദേഹത്തിന്റെ മൂത്തമകൻ അടുത്തദിവസം അതെന്നോട് പറഞ്ഞപ്പോൾ ഒരു നിമിഷം ചിന്തിക്കാതെ അദ്ദേഹത്തോട് അങ്ങിനെ പറഞ്ഞത് വളരെ ലജ്ജാവാഹമായി എനിക്ക് തോന്നി..

പത്താം ക്ലാസിൽ ഹൈ ഫസ്റ്റ് ക്ലാസോടെ എസ്എസ്എൽസി പാസായ ഞാൻ, പഠനം നിർത്തി അങ്ങാടിയിലേക്ക് ഇറങ്ങി ചീട്ടു കളിച്ചും ക്യാരംസ് കളിച്ചും വണ്ടിയുടെ നമ്പർ പറഞ്ഞ് കളിച്ചും ചാപ്പയും പുള്ളിയും കളിച്ചും, ചീട്ടുകളിക്കാരുടെ കൂടെയും മദ്യപാനികളുടെ കൂടെയും സമൂഹം മോശപ്പെട്ടവരെന്ന് കണക്കാക്കുന്ന അവിഹിത മാർഗ്ഗത്തിൽ പണം സമ്പാദിക്കുന്ന ( അത്തരത്തിലുള്ള ആളുകളാണ് കൂടുതലും ചൂതാട്ടങ്ങളിൽ ഏർപ്പെടാറുള്ളത്) പലതരത്തിലുള്ള ആളുകളോടും എന്റെ വ്യക്തിത്വം കൈവിടാതെ ഞാൻ സൗഹൃദം നിലനിർത്തിയിരുന്നു.. യൂണിവേഴ്സിറ്റിയിൽ നിന്ന് പോലും ലഭിക്കാത്ത അറിവുകളാണ് ഞാൻ അവിടുന്ന് സ്വായത്തമാക്കിയത്.. മൂന്നുതരം സുഹൃത്തുക്കളെ ഒരു കോട്ടവും തട്ടാത്ത രീതിയിൽ ഞാൻ നിലനിർത്തിയിരുന്നു.. ഒന്ന് മുകളിൽ പറഞ്ഞ ഹറാം പിറപ്പുകൾ.. മറ്റൊന്ന് ബാല്യകാലം മുതലേ ഉള്ള എന്റെ സുഹൃത്തുക്കൾ..ചിന്തയെയും ബുദ്ധിയെയും വിവേകത്തെയും ആഴത്തിൽ ചർച്ച ചെയ്തിരുന്ന മറ്റ് ചില സുഹൃത്തുക്കളാണ് അവസാനത്തേത്.. ഓരോരുത്തരോടും ഞാനെങ്ങനെ പെരുമാറണം എന്നാണ് അവർ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കി ഞാൻ പെരുമാറിയിരുന്നു..

എന്റെ ഒരു പതിനഞ്ച് വയസ്സിനുശേഷം എന്റെ വീട്ടുകാരോ ഈയടുത്ത് ബിസിനസിൽ ഞങ്ങൾ പാർട്ടർമാർ പരസ്പരമോ അല്ലാതെ മാറ്റൊരാളും എന്നോട് കോപപ്പെടുകയോ ഞാൻ ആരോടെങ്കിലും കോപപ്പെടുകയോ ചെയ്തിട്ടില്ല.. തെറ്റുപറ്റിയാൽ അത് അംഗീകരിക്കാനും അതിന് ആരോടും ക്ഷമ പറയാനും ഞാൻ ഒരുക്കമായിരുന്നു.. അതൊരു കുഞ്ഞു കുട്ടിയോട് ആണെങ്കിൽ പോലും.. ഏഴാം ക്ലാസ് മുതൽ ഞാൻ വായന തുടങ്ങിയിരുന്നു.. ഇരുപത്തിയാറാം വയസ്സിൽ സിംഗപ്പൂരിൽ പോകുന്നത് വരെ ഏതുസമയത്തും എന്റെ ബെഡ്റൂമിൽ ഞാൻ വായിച്ചു കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു പുസ്തകമുണ്ടാകും.. പത്തൊമ്പതാമത്തെ വയസ്സിൽ സൗദി അറേബ്യയിൽ പോയി മറ്റൊരു ജീവിതരീതിയും മറ്റൊരു സംസ്കാരവും മനസ്സിലാക്കി.. ഇരുപത്തിയൊന്നാമത്തെ വയസ്സിൽ തിരിച്ചുവന്ന ഞാൻ പണ്ടത്തെപ്പോലെ മൂന്നുതരം സൗഹൃദവും ഒരു ഭംഗവും വരുത്താതെ നിലനിർത്തി..ഇതുപത്തിയഞ്ചാം വയസ്സിൽ വിവാഹിതനായി, നാട്ടിൽ ഫ്രൂട്ട്സ് ആൻഡ് കൂൾബാർ നടത്തി.. രണ്ടു വർഷത്തിനുശേഷമാണ് ഞാൻ സിംഗപ്പൂരിൽ പോകുന്നത്.. ആറര വർഷത്തോളം അവിടെ ജീവിച്ചു.. ചൈനക്കാരേയും മലേഷ്യക്കാരേയും ഇന്തോനേഷ്യക്കാരേയും മ്യാൻമാറുകാരനെയും ഫിലിപ്പീൻകാരേയും പരിചയപ്പെട്ടു. അവരുടെ ജീവിതവും ജീവിതരീതിയും സംസ്കാരവും എങ്ങനെയെന്ന് മനസ്സിലാക്കി.. സിംഗപ്പൂരിൽ നിന്ന് കട്ടയും പടവും മടക്കി മുപ്പത്തിമൂന്നാം വയസ്സിൽ ഖത്തറിൽ കൂട്ടുകാരോടൊപ്പം ചേർന്ന് ബിസിനസ് ചെയ്യാൻ പോയി.. ബാല്യകാലം മുതലേ സുഹൃത്തുക്കളായിരുന്ന ഞങ്ങൾ മൂന്നുപേരും പല രാജ്യങ്ങളിൽ പ്രവാസത്തിൽ ആയിരുന്നതിനാൽ പത്തുപന്ത്രണ്ട് വർഷത്തോളം വല്ലപ്പോഴും മാത്രമേ കണ്ടിരുന്നുള്ളൂ.. ബിസിനസ് തുടങ്ങാൻ ആവശ്യമായ ഓഫീസും മറ്റ് സർട്ടിഫിക്കറ്റുകളും ഒന്നൊന്നായി തയ്യാറാക്കി കൊണ്ടിരുന്ന സമയത്ത് കൂട്ടത്തിലൊരുത്തൻ ഒരു പുസ്തകം എടുത്ത് എനിക്ക് നേരെ നീട്ടി..How to win ( എങ്ങനെ ജീവിത വിജയം നേടാം ) എന്നതാണ് ആ പുസ്തകം.. ബുദ്ധിയും ചിന്തയും യുക്തിയും ദീർഘവീക്ഷണവും തീവ്ര പരിശ്രമവും ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാം എന്ന് വളരെ നേരത്തെ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു..

ഞാൻ മറ്റൊന്നും ചിന്തിക്കാതെ ആ പുസ്തകം വളരെ നിസ്സാരമാക്കി മേശപ്പുറത്തേക്ക് വെച്ചു.. പെട്ടെന്ന് അബദ്ധം മനസ്സിലാക്കിയ ഞാൻ കൂട്ടുകാരെ ശ്രദ്ധിച്ചപ്പോൾ, എന്റെ ആ ഭാവം ശ്രദ്ധിച്ച എന്റെ കൂട്ടുകാർ അവരുടെ അനിഷ്ടം പ്രകടിപ്പിക്കുന്നത് അവരുടെ ശരീര ഭാഷയിൽ എനിക്ക് കാണാമായിരുന്നു.. നമ്മുടെ പ്രവർത്തനങ്ങളെയും ബുദ്ധിയെയും ചിന്തയെയും ഉത്തേജിപ്പിച്ച് പ്രവർത്തിച്ച് ജീവിത വിജയം നേടാനുള്ള എല്ലാ ചേരുവകളും അടങ്ങിയിട്ടുള്ള ആ പുസ്തകം, എന്റെ ഒരു നിമിഷത്തെ ചിന്തയുടെ അഭാവം മൂലം, വളരെ നിസ്സാരവൽക്കരിച്ച് മേശപ്പുറത്ത് വെച്ചതിൽ എനിക്ക് ഖേദം തോന്നി..പറയുന്നതിന്റെയും പ്രവർത്തിക്കുന്നതിന്റെയും മുമ്പ് ഒരു നിമിഷമെങ്കിലും ഒന്ന് ചിന്തിക്കാൻ കഴിഞ്ഞാൽ ഇതുപോലെയുള്ള പല നഷ്ടങ്ങളും നമുക്ക് ഒഴിവാക്കാൻ കഴിയും..Sidhique Patta..

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com