കാരശ്ശേരി ആശ്വാസ് പാലിയേറ്റിവ് സൊസൈറ്റിയുടെ ‘ആശ്വാസ സഞ്ചാരം’ ശ്രദ്ധേയമായി

കോഴിക്കോട്: സങ്കടങ്ങളും വേദനകളും വഴിമാറി… കടലുകണ്ട് കാറ്റുകൊണ്ട് ആടിപ്പാടി അവർ പറഞ്ഞു തളർന്നിട്ടില്ല ഞങ്ങൾ. മൂന്നര പതിറ്റാണ്ടുമുമ്പ് വാഹനാപകടത്തിൽ അരക്കുതാഴെ തളർന്ന മുഹമ്മദലി വഴിയോരത്തിനും ഒന്നര പതിറ്റാണ്ടുമുമ്പ് മരത്തിൽനിന്ന് വീണ് അരക്കുതാഴെ തളർന്ന യൂസഫ് ചോലക്കലിനുമെല്ലാം തിങ്കളാഴ്ച നടന്ന ആശ്വാസ സഞ്ചാരം ശരിക്കും ‘സന്തോഷ തിങ്കളായി’. രോഗങ്ങളാൽ നടക്കാനാവാതെ വീൽചെയറിൽ വീട്ടിൽ കഴിഞ്ഞ ഇവരെയും സൈനബ തണ്ണീർപൊയിൽ, നഫീസ ചെമ്പൻ എന്നിവരെയുമെല്ലാംകൂട്ടി കാരശ്ശേരി ‘ആശ്വാസ്’ പാലിയേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയാണ് ഏറെ ആഹ്ലാദകരവും പുതുമയുമായത്.
സൊസൈറ്റി പരിചരിക്കുന്ന നാനൂറോളം രോഗികളിൽ 31 പേരും അവരുടെ ബന്ധുക്കളും വളന്റിയർമാരും ഉൾപ്പെടെ 80 പേരടങ്ങുന്നതായിരുന്നു യാത്രസംഘം. എല്ലാവരെയും വീട്ടിൽനിന്ന് കൂട്ടി നോർത്ത് കാരശ്ശേരിയിൽ എത്തിച്ചശേഷം രണ്ട് ബസിലും പാലിയേറ്റിവിന്റെ വാഹനത്തിലുമായിട്ടായിരുന്നു യാത്ര. ആദ്യം ബേപ്പൂരിലെത്തിയ സംഘം തുറമുഖവും പുലിമുട്ടും സന്ദർശിച്ചു. ഉച്ചയോടെ മേഖല ശാസ്ത്രകേന്ദ്രത്തിൽ എത്തി ഭക്ഷണം കഴിച്ചശേഷം രണ്ട് ഷോ കാണുകയും ചെയ്തു. വൈകീട്ടോടെ വരക്കൽ കടപ്പുറവും സന്ദർശിച്ചാണ് സംഘം മടങ്ങിയത്. ഏറെ കാലമായി പുറത്തേക്കൊന്നും പോകാതെ വീട്ടിൽ മാത്രം കഴിഞ്ഞുകൂടിയ വയോധികരടക്കമുള്ളവർക്ക് മനസ്സിന് കുളിർമ പകരുന്നതായി യാത്ര
എല്ലാവരും ഒന്നിച്ചുള്ള യാത്ര ഏറെ സന്തോഷകരമാണെന്ന് മുഹമ്മദലി വഴിയോരവും യൂസഫ് ചോലക്കലും പറഞ്ഞു. ‘ആശ്വാസ്’ പരിചരിക്കുന്ന മുഴുവനാളുകളെയും ഉൾപ്പെടുത്തി മേയ് 23ന് മുരിങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ ‘ഒപ്പം’ പരിപാടിയും സൊസൈറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്.കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത, വൈസ് പ്രസിഡന്റ് എടത്തിൽ ആമിന, സൊസൈറ്റി ചെയർമാൻ കെ.കെ. ആലി ഹസൻ, കൺവീനർ അബൂബക്കർ നടുക്കണ്ടി, നഴ്സ് ഷീജ തോട്ടുമുക്കം എന്നിവർക്കു പുറമെ വി.പി. ഉമർ, ജസീല ഷമീർ, മുഹമ്മദ് കക്കാട്, എൽ.കെ. മുഹമ്മദ്, കെ.കെ. സുഹ്റ, സുഹ്റ കരുവോട്, ഷഫീഖ്, അമീന ബാനു, സ്റ്റുഡന്റ്സ് വിങ് തുടങ്ങിയവരും സഹായമേകി സംഘത്തിനൊപ്പമുണ്ടായിരുന്നു. ഭക്ഷണത്തിനും യാത്രക്കുമുൾപ്പെടെയുള്ള സാമ്പത്തിക ചെലവുകൾ വളന്റിയേഴ്സാണ് വഹിച്ചത്.



