കാരശ്ശേരി ഗ്രാമപഞ്ചായത്തിന് 35 കോടി 72 ലക്ഷം രൂപയുടെ ബജറ്റ്; കാർഷിക മേഖലക്ക് മികച്ച പരിഗണന

മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക ബജറ്റ് അവതരിപ്പിച്ചു. 35,72,30,500 രൂപ വരവും 32,21,58,048 രൂപ ചിലവും 3,50,72,452 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.ദിവ്യ അവതരിപ്പിച്ചത്. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി. അബ്ദുൽ അക്ബർ അധ്യക്ഷത വഹിച്ചു.
കാർഷിക മേഖലക്ക് മുന്തിയ പരിഗണന നൽകുന്ന ബജറ്റിൽ ആരോഗ്യ- വിദ്യാഭ്യാസ മേഖലക്കും മികച്ച പരിഗണന നൽകിയിട്ടുണ്ട്. നൂതനവും വ്യത്യസ്തവുമായ നിരവധി പദ്ധതികൾക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്.
എസ്.കെ.പൊറ്റക്കാട് സ്മൃതികേന്ദ്രം ടൂറിസം മേഖലയാക്കി മാറ്റൽ, ഭിന്നശേഷിക്കാർക്കായി വ്യക്തിഗത പ്ലാൻ, പൊതു ഇടങ്ങളിൽ ഓപ്പൺ ജിം, വനിതകൾക്ക് മാത്രമായി ജിംനേഷ്യം, കളിസ്ഥലങ്ങളുടെ നവീകരണം, ഫുട്ബോൾ ടർഫ്, ഷീ കഫേ, നീർനായ ശല്യത്തിനെതിരെ പദ്ധതി, മഞ്ഞൾ ഗ്രാമം, വയോജനങ്ങൾക്കായി പകൽ വീട്, വൃക്കരോഗികൾക്ക് പ്രത്യേക പദ്ധതികൾ, സി.എസ്.ആർ ഫണ്ടുകൾ സമാഹരിച്ച് വികസനം നടപ്പാക്കൽ എന്നിവയും ബജറ്റിൻ്റെ പ്രത്യേകതയാണ്.
ജനകീയ ആരോഗ്യനയം, അടിസ്ഥാന സൗകര്യ വികസനം, സമ്പൂർണ്ണ കുടിവെള്ള ലഭ്യത, സ്ത്രീകളുടേയും കുട്ടികളുടേയും സമഗ്ര വികസനം എന്നിവയും ബജറ്റ് ഉറപ്പ് നൽകുന്നു.
_സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ സവാദ് ഇബ്രാഹീം, മുഹമ്മദ് ഹാരിഫ്, ജിപ്സ ജോബിൻ, അസിസ്റ്റൻ്റ് സെക്രട്ടറി ജോസ് തോമസ് തുടങ്ങിയവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന ചർച്ചകൾക്ക് ശേഷം ബജറ്റ് അംഗീകരിച്ചു._



