വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം തേടി എം.എൽ.എ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

മുക്കം: രൂക്ഷമായ വന്യമൃഗശല്യം മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന
കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ തിരുവമ്പാടി മണ്ഡലത്തിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം തേടി തിരുവമ്പാടി എം എൽ എ സി.കെ കാസിം മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനംനൽകി.സ്പീക്കർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയായിരുന്നു തൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന വന്യമൃഗശല്യം പരിഹരിക്കാൻ നടപടിയാവശ്യപ്പെട്ട് നിവേദനം നൽകിയത്. മുഖ്യമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വിഷയം അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടന്നും പ്രശ്ന പരിഹാരം മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും സി.കെ കാസിം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്
തിരുവനന്തപുരത്ത് അടിയന്തര ഉന്നതതല യോഗം വിളിക്കുമെന്നും പ്രത്യേക പാക്കേജ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും സി.കെ കാസിം പറഞ്ഞു.
പതിറ്റാണ്ടുകൾക്ക് മുമ്പ് കാട്ടുമൃഗങ്ങളോടും കാലാവസ്ഥയോടും പ്രകൃതിയോടും പടവെട്ടി കുടിയേറിപ്പാർത്ത ജനത ഇന്ന് വന്യമൃഗശല്യം കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. കാട്ടുപന്നി, കാട്ടാന, കടുവ, പുലി, കുരങ്ങ് ഉൾപ്പെടെയുള്ളവ മനുഷ്യ ജീവനൊപ്പം അവരുടെ കൃഷികൾക്കും വലിയ ഭീഷണിയായി മാറിയിട്ട് വർഷങ്ങളായി.ഇതിനെതിരായി ചെറിയ ചില പ്രവർത്തനങ്ങൾ നടത്തിയങ്കിലും ഒന്നും ഫലവത്തായിട്ടില്ല. കാട്ടുമൃഗശല്യം മൂലം തിരുവമ്പാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറ് കണക്കിന് കുടുംബങ്ങളാണ് വീടും കൃഷിസ്ഥലവും ഉപേക്ഷിച്ച് കുടിയിറങ്ങിയത്. മറ്റ് വഴികളില്ലാത്തതിനാൽ മാത്രം ഇപ്പോഴും ജീവൻ പണയം വെച്ച് നിരവധി കുടുംബങ്ങൾ ഇവിടെ കഴിഞ്ഞ് വരുന്നുണ്ട്. ആദ്യം ചില തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമായിരുന്നു ഇവയുടെ ശല്യമെങ്കിൽ ഇപ്പോൾ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ശല്യം അതി രൂക്ഷമാണ്. പകൽ സമയത്ത് പോലും ആളുകളെ ആക്രമിക്കുന്ന തരത്തിലേക്ക് ശല്യം വളർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്.



