
നിരവധി കുടിവെള്ള പദ്ധതികൾ സ്ഥിതിചെയ്യുന്ന ഇരുവഞ്ഞിപ്പുഴയിലെ പുല്ലൂരാംപാറ ഇലന്തുകടവിൽ പുഴ വറ്റിവരണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലകളിൽ മഴ ലഭിച്ചെങ്കിലും പുഴയിൽ ഇതുവരെ നീരൊഴുക്ക് കൂടിയിട്ടില്ല. പുഴയുടെ സമീപ പ്രദേശങ്ങളിലുള്ള കിണറുകളിലും കുളങ്ങളിലും ക്രമാതീതമായി ജലനിരപ്പ് താഴ്ന്നിട്ടുണ്ട്.
വരും ദിവസങ്ങളിൽ മഴ കൂടുതലായി ലഭിക്കുന്നതോടെ പുഴയിൽ നീരൊഴുക്ക് കൂടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. കടുത്ത വേനലിൽ ജലസ്രോതസുകൾ വറ്റി വരണ്ടതോടെ നാരങ്ങാത്തോട് പതങ്കയത്ത് നൂറുകണക്കിനാളുകളാണ് കുളിക്കാനായി എത്തിയത്. കഴിഞ്ഞയാഴ്ച പതങ്കയത്ത് കുളിക്കാൻ എത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ റോഡിൽ നിറഞ്ഞതുമൂലം നെല്ലിപ്പൊയിൽ- ആനക്കാംപൊയിൽ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.മുൻപുണ്ടായ പ്രളയത്തിൽ ഇലന്തുകടവ് പാലത്തിന് സമീപത്തുള്ള തുരുത്തിൽ വെള്ളം കയറുകയും, വ്യാപകമായി വീടുകൾക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് ഇലന്തുകടവ് പാലത്തിന് ഇരുവശത്തുമായി പുഴയിൽ ഉണ്ടായിരുന്ന കൂറ്റൻ കല്ലുകൾ പൊട്ടിച്ചു മാറ്റുകയും, സംരക്ഷണഭിത്തി നിർമിക്കുകയും ചെയ്തതോടെയാണ് തുരുത്തിൽ വെള്ളം കയറുന്നത് തടയാനായത്.ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം,അരിപ്പാറ, കുറുങ്കയം പോലുള്ള വലിയ കയങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്.



