ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാത പദ്ധതി വൈകിക്കരുത്: ആർ.ജെ.ഡി തിരുവമ്പാടി മണ്ഡലം കമ്മിറ്റി.

കൂടരഞ്ഞി: മലയോര ജനതയുടെ പതിറ്റാണ്ടുകളായുള്ള സ്വപ്ന പദ്ധതിയായ ആനിക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണം ഇനി ഒട്ടും വൈകിക്കരുതെന്നും, ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പദ്ധതി അടിയന്തരമായി യാഥാർഥ്യമാക്കണമെന്നും രാഷ്ട്രീയ ജനതാദൾ (RJD) തിരുവമ്പാടി മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടരഞ്ഞിയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.വയനാടിനെയും കോഴിക്കോട് ജില്ലയെയും തമ്മിൽ എളുപ്പത്തിലും സുരക്ഷിതമായും ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത യാഥാർഥ്യമാകുന്നതോടെ പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് വലിയ കരുത്താകും. വിനോദസഞ്ചാരം, കൃഷി, വ്യാപാരം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി മലയോര മേഖലയുടെ സമഗ്ര പുരോഗതിക്ക് ഈ പദ്ധതി അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കേണ്ടത് തന്നെയാണ്, എന്നാൽ പരിസ്ഥിതിയുടെ പേര് പറഞ്ഞ് ജനങ്ങളുടെ ന്യായമായ വികസന ആവശ്യങ്ങളെ അനന്തമായി തടഞ്ഞുവെക്കുന്നത് മലയോര ജനതയോടുള്ള നീതിയല്ല. ശാസ്ത്രീയമായ പഠനങ്ങൾ നടത്തി, വിദഗ്ധരുടെ കൃത്യമായ നിർദേശങ്ങൾ സ്വീകരിച്ച്, പരിസ്ഥിതിക്കും ജനജീവിതത്തിനും പൂർണ്ണ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം. ദുരന്തങ്ങളുടെ പേരിലോ ഭരണപരമായ നടപടിക്രമങ്ങളുടെ പേരിലോ പദ്ധതി വീണ്ടും നീട്ടി കൊണ്ടുപോകരുത്. ജനങ്ങളുടെ ആശങ്കകൾക്ക് വ്യക്തമായ പരിഹാരം കണ്ട് നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.”മലയോര ജനതയുടെ വികസന സ്വപ്നങ്ങൾക്ക് ഇനി കാലതാമസം പാടില്ല.
പരിസ്ഥിതിയും വികസനവും ഒരുപോലെ സംരക്ഷിക്കുന്ന ശാസ്ത്രീയ സമീപനത്തോടെ ആനിക്കാംപൊയിൽ–കള്ളാടി തുരങ്കപാത ഉടൻ യാഥാർഥ്യമാക്കണം” എന്ന പ്രമേയം യോഗം ഐക്യകണ്ഠേന പാസാക്കി.യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ടാർസൻ ജോസ് കോക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. പി. എം. തോമസ് മാസ്റ്റർ, ജിമ്മി ജോസ് പെമ്പിള്ളിൽ, ഇളമന ഹരിദാസ്, വിൽസൺ പുല്ലുവേലി, അബ്ദുറഹിമാൻ മാസ്റ്റർ പള്ളിക്കലാത്ത്, ഗോൾഡൻ ബഷീർ, മാത്യു വർഗീസ് മംഗര, ജോർജ് വർഗീസ്, നിസ്തർ തിരുവമ്പാടി, ജോസ് കുട്ടി പുളിക്കതടം എന്നിവർ സംസാരിച്ചു.



